പ്രശാന്തിന് എട്ടാം ‘അടി’; നിയമസഭാ ഫലത്തിന് തൊട്ടുപിന്നാലെ വീണ്ടും സസ്‌പെൻഷൻ; ‘എന്തുകാര്യത്തിന്’ എന്ന് മറുപടി
തിരുവനന്തപുരം: ഒന്നര വർഷമായി സസ്‌പെൻഷനിലുള്ള കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനെ വീണ്ടും സസ്‌പെൻഡ് ചെയ്ത് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാരിന്റെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിക്കുകയും സർക്കാരിനെ വിമർശിക്കുകയും ചെയ്തതാണ് നടപടിക്ക് കാരണമായത്. ഇതോടെ പ്രശാന്തിനെതിരെ എട്ടാമത്തെ അച്ചടക്ക നടപടിയാണ് ഉണ്ടായത്.
ശനിയാഴ്ച രാത്രിയിലാണ് ഉത്തരവ് ഇറങ്ങിയത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചതും ശ്രദ്ധേയമാണ്. നിലവിലെ സസ്‌പെൻഷൻ പുനഃപരിശോധിക്കാൻ റിവ്യൂ കമ്മിറ്റി ചേരാനിരിക്കുകയാണ്.
സർവീസ് ചട്ടങ്ങൾ ലംഘിക്കുകയും സർക്കാരിനെ അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് കുറ്റപത്രം നൽകി. പുതിയ സസ്‌പെൻഷനോട് പ്രതികരിച്ച് പ്രശാന്ത് സാമൂഹ്യമാധ്യമത്തിൽ നടൻ സലിംകുമാറിന്റെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ച് ‘എന്ത് കാര്യത്തിന്’ എന്ന അടിക്കുറിപ്പും ചേർത്തു.
ഏപ്രിൽ 29ന് സമാന കുറ്റം ചുമത്തിയാണ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിനെയും സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനുമുമ്പ് 2024 നവംബർ 11ന് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ജയതിലകിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചതിനെ തുടർന്ന് പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി സസ്‌പെൻഷൻ നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
വകുപ്പുതല അന്വേഷണം തുടരുന്നതിനാൽ സസ്‌പെൻഷൻ നീട്ടണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് 2025 നവംബർ 12ന് കേന്ദ്ര സർക്കാർ ആറ് മാസത്തേക്ക് സസ്‌പെൻഷൻ നീട്ടിയിരുന്നു
റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകറിന്റെ പുസ്തക പ്രകാശന വേദിയിൽ ഉദ്യോഗസ്ഥർക്കുള്ള സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന വിമർശനം പ്രശാന്ത് ഉയർത്തിയിരുന്നു. കൂടാതെ, കേരളത്തിൽ അഴിമതി കമ്മിഷൻ അടിസ്ഥാനത്തിലാണ് നടക്കുന്നതെന്നും ആരോപിച്ചു. ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലും അദ്ദേഹം അച്ചടക്ക നടപടികളെ വിമർശിച്ചിരുന്നു.
ഡോ. ബി. അശോകിന്റെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിച്ചതും അദ്ദേഹത്തോട് നടത്തിയ അഭിമുഖവും പുതിയ നടപടിക്ക് കാരണമായതായും സൂചനയുണ്ട്.
പ്രതികരണം
“സർക്കാർ പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുന്നു. കാലാവധി കഴിയുന്ന സർക്കാർ ഇത്തരം നിർണായക തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ല,” എന്ന് ഡോ. ബി. അശോക് പ്രതികരിച്ചു.
“സസ്‌പെൻഷൻ നിയമപരമായി നിലനിൽക്കില്ല. ഹിയറിംഗ് പോലും നടത്തിയിട്ടില്ല,” എന്ന് എൻ. പ്രശാന്തും ആരോപിച്ചു.
English Summary
Kerala IAS officer N. Prasanth has been suspended again for allegedly violating service rules by speaking to the media and criticizing the government. This marks the eighth disciplinary action against him.









