തൃശൂർ: തൃശൂരിൽ എടിഎമ്മുകളിൽ കവർച്ച നടത്തിയത് മെവ് (MEV) ഗ്യാങ്ങ്. കള്ളനോട്ടടി എ.ടി.എം മോഷണം എന്നിവയിൽ വിദഗ്ദ പരിശീലനം നേടിയവരാണ് ഇവർ. വലിയ ലോറികളിലാണ് ഇവർ മോഷണത്തിന് എത്തുന്നത്.MEV gang robbed ATMs in Thrissur
എ.ടി. എംമുറിക്കുന്നതിനിടെ കറന്‍സി തീപിടിച്ചു നശിക്കാതിരിക്കാനും മറ്റും പ്രത്യേക പരിശീലനം നേടിയവരാണ് ഇവർ. സംഘങ്ങളെല്ലാം സായുധരായാണ് കവര്‍ച്ചയ്‌ക്കെത്തിയത്. കവര്‍ച്ചയ്ക്കിടെ ആരെങ്കിലും കടന്നുവന്നാല്‍ അവരെഅക്രമിക്കുകയാണ് ഇവരുടെ രീതി.
കവര്‍ച്ച ആരെങ്കിലും കാണുന്നതോ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിയുന്നതോ ഇവര്‍ക്ക് വിഷയമല്ല. ഒന്നിലധികം പരിശീലന കേന്ദ്രങ്ങള്‍ക്ക് ഇവര്‍ക്ക് ഉണ്ടെന്നാണ് ഹരിയാന പോലീസ് പറയുന്നത്. മുഖം മറച്ചാണ് സാധാരണയായി ഇവർ എത്തുന്നത്. ക്യാമറകളിൽ പ്രത്യേകതരം സ്പ്രേ അടിക്കും.
ഹരിയാനയിലെ നൂഹ് ജില്ലയിലെ മേവാത്ത് കുറ്റകൃത്യങ്ങൾക്കു പേരുകേട്ട പ്രദേശമാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബാങ്ക് കൊള്ള എന്നിവ മുതൽ പരീക്ഷയിലെ ആൾമാറാട്ടം വരെ മെവ് ഗാങ്ങിന്റെ കുറ്റകൃത്യങ്ങളുടെ പട്ടികയിലുണ്ട്.
ഗാങ്ങിലെ, എടിഎമ്മുകൾ മാത്രം കവർച്ച ചെയ്യുന്ന പ്രഫഷനൽ സംഘമായിരുന്നു കണ്ണൂരിലെ കവർച്ചയ്ക്കു പിന്നിലും. ആക്രിയാകുന്ന പഴയ എടിഎം മെഷിനുകൾ വാങ്ങി അതിന്റെ പ്രവർത്തനം പഠിച്ചാണ് ഇവരുടെ പരിശീലനം. അതിനായി അവരുടെ നാട്ടിൽ സൗകര്യമുണ്ട്. ആർക്കും എളുപ്പത്തിൽ കടന്നുചെല്ലാൻ കഴിയാത്ത അവരുടെ സാമ്രാജ്യമാണത്.
21/9/24 ന് കൃഷ്ണ ഗിരിയിൽ ഇതേ ഗ്യാങ്ങ് SBI ATM കവർച്ച നടത്തിയിരുന്നു.22/9/24 തിയതി ആന്ധ്ര കടപ്പയിൽ 3 SBI ATM കവർച്ച നടത്തി.
ത്യശൂരിൽ എടി.എം മോഷണം നടത്തിയ സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടാൻ പൊലീസിനു വഴികാട്ടിയത് വർഷങ്ങൾക്കു മുൻപ് കണ്ണൂരിൽ സമാനരീതിയിൽ നടന്ന കവർച്ചയാണ്.
2021 ഫെബ്രുവരി 21 ന് കണ്ണൂരിലെ കല്യാശ്ശേരി, മാങ്ങാട്, ഇരിണാവ് റോഡ് കവല എന്നിവിടങ്ങളിലെ മൂന്ന് എടിഎമ്മുകളിൽനിന്ന് 24 ലക്ഷം രൂപ കവർന്ന കേസിൽ കേരള പൊലീസ് പിടികൂടിയത് ഹരിയാന സ്വദേശികളുടെ സംഘത്തെ ആയിരുന്നു.
കണ്ണൂരിലെ കവർച്ചയും തൃശൂരിൽ വെള്ളിയാഴ്ച പുലർച്ചെ നടന്ന കവർച്ചയും തമ്മിലുള്ള സാമ്യം പൊലീസ് എളുപ്പത്തിൽ തിരിച്ചറിഞ്ഞു. 2021 ൽ കണ്ണൂരിൽ കവർച്ച നടക്കുമ്പോൾ അവിടെ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ആർ. ഇളങ്കോ ആണ് ഇപ്പോൾ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ എന്നതും പൊലീസിന് കാര്യങ്ങൾ എളുപ്പമാക്കി. പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതോടെ അയൽജില്ലകളിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കും അതിവേഗം ജാഗ്രതാനിർദേശം നൽകി.
തൃശൂരിലേതുപോലെ ഗ്യാസ് കട്ടർ ഉപയോഗിച്ചായിരുന്നു കണ്ണൂരിലും കവർച്ച നടത്തിയത്. മണിക്കൂറുകൾക്കുള്ളിൽ കവർച്ച നടത്തി മോഷ്ടാക്കൾ വാഹനത്തിൽ രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളിൽനിന്ന്, പ്രതികളുടെ വാഹനത്തിന്റെ നമ്പർ ലഭിച്ചെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ അന്നത്തെ കണ്ണൂർ എസിപി പി.ബാലകൃഷ്ണൻ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് കവർച്ചാസംഘത്തിന്റെ യാത്രാവഴി കണ്ടെത്തി. മംഗളൂരു വരെ പ്രതികളുടെ വാഹനം സിസിടിവികളിൽ പതിഞ്ഞിരുന്നു. പിന്നീട് ഒരു ക്യാമറയിലും കാറിന്റെ ദൃശ്യങ്ങളില്ല. മറ്റു സൂചനകൾ പിന്തുടർന്ന് അന്വേഷണം മധ്യപ്രദേശിലെത്തിയപ്പോഴാണ് പ്രതികൾ ഒരു കണ്ടെയ്നർ ലോറിയിൽ കടക്കുന്നുണ്ടെന്ന സൂചന ലഭിച്ചത്.
തുടർന്ന് കമ്മിഷണർ ആർ. ഇളങ്കോയെ വിവരം അറിയിച്ചു. കമ്മിഷണർ ഡൽഹി പൊലീസിന് ഈ വിവരം കൈമാറുകയും കണ്ടെയ്നർ അവിടെ തടയുകയും ചെയ്തു. അപ്പോഴാണ് ഹരിയാനയിലെ മെവ് സംഘമാണ് കവർച്ച നടത്തിയതെന്നു മനസ്സിലായത്.
സംഘത്തിൽ ചിലരെ അവിടെവച്ചു പിടികൂടി. ബാക്കിയുണ്ടായിരുന്നവരെ ഹരിയാന പൊലീസിന്റെ സഹായത്തോടെ ഹരിയാനയിലെ അവരുടെ വീടുകളിൽനിന്നാണ് പിടികൂടിയത്. കമ്മിഷണർ ഇളങ്കോയുടെ സിവിൽ സർവീസ് ബാച്ച്മേറ്റ് ഹരിയാനയിലുണ്ടായിരുന്നു. അദ്ദേഹം സഹായിച്ചുവെന്നും പി.ബാലകൃഷ്ണൻ പറഞ്ഞു.
കണ്ണൂരിൽ ഒരു എടിഎമ്മിൽ കവർച്ച നടത്താൻ മെവ് സംഘത്തിനു വേണ്ടിവന്നത് അരമണിക്കൂറിൽ താഴെ മാത്രമാണ്. ചെരുപ്പിന്റെ ലോഡ് ഇവിടെയിറക്കി തിരിച്ചുപോകുകയായിരുന്ന കണ്ടെയ്നറിലാണ് കവർച്ച മുതൽ കടത്തിയത്.
ഹരിയാനയിലെ പൽവാൽ ജില്ലക്കാരായ ഇർഫാൻ, സഫീർഖാൻ, സഖ്‌വീൻ, മുബാറക് എന്നിവരും നൂഹ് ജില്ലയിൽ നിന്നുള്ള മുഹമ്മദ് അക്രം, അസീർ അലി, സുമാനുദ്ദീൻ എന്നിവർ ചേർന്നാണ് തൃശൂരിൽ എടിഎം കവർച്ച നടത്തിയത്. ഇതിൽ സുമാനുദ്ദീൻ കൊല്ലപ്പെട്ടു. മുഹമ്മദ് ഇക്രമാണ് സംഘത്തലവൻ. അസീർ അലി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. മറ്റുള്ളവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സംഘത്തിലെ ഒരാളായ മുബാറകിന് നടന്ന സംഭവങ്ങളെ കുറിച്ച് ഒരു അറിവുമില്ലെന്നും പൊലീസ് പറയുന്നു.
പ്രതികളിൽ രണ്ട് പേർ കവർച്ചയ്ക്കായി കേരളത്തിലെത്തിയത് വിമാന മാർഗ്ഗമാണ്. സബീർ കാന്തും, സൗകിനുമാണ് വിമാന മാർഗ്ഗം കേരളത്തിലെത്തിയത്. മൂന്ന് പേർ കാറിലും മറ്റുള്ളവർ ട്രക്കിലുമാണ് കേരളത്തിലെത്തിയത്. ഏത് എ.ടി.എം കവർച്ച ചെയ്യണം എന്ന് തീരുമാനിച്ചത് ഇക്രമായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. ഇവർ ഇന്നലെയാണ് തൃശ്ശൂരിലെത്തിയത്. സംഘത്തിലൊരാളായ മുബാറകിന് ഒന്നിനെ കുറിച്ചും ഒരു അറിവുമില്ലെന്നും ഇയാളുടെ പേരിൽ മറ്റ് കേസുകൾ ഇല്ലെന്നും പൊലീസ് കണ്ടെത്തി.
കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത എടിഎം കൊള്ളയാണ് തൃശ്ശൂരിൽ നടന്നത്. 20 കിലോമീറ്റർ പരിധിയിൽ മൂന്ന് എടിഎം കൗണ്ടറുകളിലാണ് രാത്രി മോഷണം നടന്നത്. 68 ലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടു. പുലർച്ചെ 2.10 നാണ് ആദ്യ മോഷണം. ഇരിങ്ങാലക്കുടയ്ക്കടുത്ത് മാപ്രാണത്തെ എസ്ബിഐ എടിഎമ്മിലേക്ക് കാറിലെത്തിയ മുഖം മൂടി സംഘം കയറി ഗ്യാസ് കട്ടറുപയോഗിച്ച് എടിഎം തകർത്തു. അവിടെനിന്ന് തട്ടിയെടുത്തത് 33 ലക്ഷം രൂപ. എടിഎം തകർന്ന സന്ദേശം ബാങ്ക് സർവ്വറിൽ നിന്ന് പൊലീസിന് കിട്ടി. 2.45 ഓടെ പൊലീസ് മാപ്രാണത്ത് എത്തി. കവർച്ചാസംഘം അപ്പോഴേക്കും 20 കിലോമീറ്റർ കടന്നിരുന്നു.
പുലർച്ചെ 3.02 ന് കൊള്ളസംഘം നേരെ തൃശൂർ നഗരത്തിലെ നായ്ക്കനാൽ ഷൊർണൂർ റോഡിലുള്ള രണ്ടാമത്തെ എസ്ബിഐ എടിഎമ്മിലെത്തി. ഇവിടെ നിന്ന് 10 ലക്ഷം രൂപ കവർന്നു. അതേ കാറിൽ കോലഴിയിലേക്ക് പോയി. എടിഎം കൗണ്ടറിലുള്ള സിസിടിവി സ്പ്രേ ചെയ്ത് മറച്ച ശേഷം കോലഴിയിൽ നിന്ന് 25.8 ലക്ഷം രൂപ കവർന്നു. അലർട്ട് കിട്ടിയതനുസരിച്ച് പൊലീസ് രണ്ടാമത്തെ പോയിൻറിൽ പരിശോധന നടത്തുമ്പോഴായിരുന്നു ഇത്.
വെള്ള കാറിനെ തേടി തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പൊലീസുകാർ കൂട്ടത്തോടെ പരിശോധന നടത്തിയെങ്കിലും പാലക്കാട് അതിർത്തിയിൽ കാത്തുനിന്ന കണ്ടെയ്നർ ലോറിക്കുള്ളിലേക്ക് വെള്ളക്കാർ കയറ്റി, മോഷണ സംഘം കേരളം വിട്ടിരുന്നു. അയൽ സംസ്ഥാനങ്ങളിലെ പൊലീസിന് കേരളാ പൊലീസ് വിവരം കൈമാറിയിരുന്നു. കേരളത്തിൻറെ അതിർത്തി ജില്ലകളിൽ പരിശോധന ഊർജിതമായി. കണ്ടെയ്നർ ലോറിയിലാണ് പ്രതികൾ എന്ന വിവരം രാവിലെ 8:45ന് തമിഴ്നാട് പൊലീസിന് ലഭിച്ചു. നാമക്കലിലെ കുമാരപാളയം ജംഗ്ഷൻ ബൈപാസിൽ വച്ച് പൊലീസ് സംഘം കണ്ടെയ്നറിന് കൈ കാണിച്ചെങ്കിലും നിർത്താതെ പോയി. ദുരൂഹത സംശയിച്ച പൊലീസ് പിന്നാലെ പാഞ്ഞു. തൊട്ടടുത്തുള്ള ടോൾ ഗേറ്റിന് അടുത്ത് വച്ച് ലോറി വെട്ടിത്തിരിച്ച് അടുത്ത വഴിയിലേക്ക് പോകാൻ ശ്രമിച്ചു. അതിനിടെ നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു.
ട്രക്കിനെ വിടാതെ പിന്തുടർന്ന പൊലീസ് സന്യാസിപ്പെട്ടിയിൽ വച്ച് വാഹനം നിർത്തി ഡ്രൈവറെ പിടികൂടി. ഡ്രൈവറെ കൂടാതെ ലോറിയുടെ ക്യാബിനിലുണ്ടായിരുന്ന നാലുപേരെയും കസ്റ്റഡിയിലെടുക്കുമ്പോഴും ഇവർ കേരളത്തിലെ എടിഎം മോഷണസംഘമാണെന്ന് പൊലീസിന് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. എന്നാൽ, ലോറിയുടെ ക്യാബിനിലുണ്ടായിരുന്നവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ട്രക്കിന്റെ ഉൾവശം പരിശോധിക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.
വഴിയിൽ വച്ച് കണ്ടെയ്നറിനുള്ളിൽ ഉള്ളിൽ എന്തോ ഉണ്ടെന്ന് സംശയം തോന്നിയ പൊലീസ് ലോറി നിർത്തി കണ്ടെയ്നർ തുറന്നു പരിശോധിക്കാൻ ശ്രമിച്ചു. അപ്പോഴാണ് കണ്ടെയ്നറിന് അകത്തു കാറും രണ്ടു പേരും ഉണ്ടെന്ന് കണ്ടത്. കണ്ടെയ്നറിന് ഉള്ളിൽ ഉള്ളവർ പുറത്തേക് ഓടാൻ ശ്രമിച്ചു. അവരെ കീഴ്പ്പെടുത്തി. ഇതിനിടയിൽ ഡ്രൈവർ, പൊലീസ് ഇൻസ്‌പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചു. അയാളെ വെടി വച്ച് വീഴ്ത്തുകയായിരുന്നു.