ഫ്ളോറിഡ: അറ്റ്ലാന്റ യുണൈറ്റഡ് എഫ് സിക്കെതിരെ നേടിയ ഇരട്ടഗോളോടെ ഫുട്ബോള്‍ കരിയറില്‍ മറ്റൊരു അപൂര്‍വനേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് സൂപ്പര്‍ താരം ലയണല്‍ മെസി. ക്ലബ്ബ് ഫുട്ബോളിലെ 100 വ്യത്യസ്ത എതിരാളികള്‍ക്കെതിരെ സ്‌കോര്‍ ചെയ്തെന്ന താരമെന്ന റെക്കോര്‍ഡിനാണ് മെസി അര്‍ഹനായത്. ഇന്റര്‍ മയാമിയിലെത്തി ആദ്യ മത്സരത്തില്‍ ക്രുസ് അസുലിനെതിരെ മെസി ഒരു ഗോള്‍ നേടിയിരുന്നു. രണ്ടാം മത്സരത്തില്‍ രണ്ട് ഗോളും ഒരു അസിസ്റ്റുമാണ് മെസിയുടെ ബൂട്ടില്‍ നിന്ന് പിറന്നത്. മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഇന്റര്‍ മയാമി ജയിക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ച നടന്ന ലീഗ് കപ്പില്‍ ക്രൂസ് അസുലിനെതിരെ ഇന്റര്‍ മയാമി 2-1 നു വിജയിച്ച മത്സരത്തില്‍ വിജയ ഗോള്‍ നേടികൊണ്ടാണ് മെസി അമേരിക്കയിലേക്കുള്ള വരവ് അറിയിച്ചത്. ആ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടില്ലെങ്കിലും പകരക്കാരനായി ഇറങ്ങിയ 36 മിനിറ്റുകളില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ മെസിക്ക് സാധിച്ചു. കൂടാതെ ഇഞ്ചുറി ടൈമിലെ മനോഹരമായ ഫ്രീകിക്ക് ഗോളോടെ അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു.
ഇന്റര്‍ മയാമിയിലെ ആദ്യ മത്സരം ബെഞ്ചിലിരുന്ന് കളി തുടങ്ങിയ മെസി രണ്ടാം മത്സരത്തില്‍ ക്യാപ്റ്റന്റെ ആംബാന്‍ഡ് അണിഞ്ഞാണ് എത്തിയത്. മെസി എട്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയെ മുന്നിലെത്തിച്ചു. മറ്റൊരു സൂപ്പര്‍ താരം സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് മധ്യനിരയില്‍ നിന്നും നല്‍കിയ പാസ് മെസി മനോഹരമായി വലയിലെത്തിച്ചു. 22-ാം മിനിറ്റില്‍ റോബര്‍ട്ട് ടൈലര്‍ ഇടതു വശത്ത് നിന്നും നല്‍കിയ പാസ് വലയിലെത്തിച്ച് മെസി സ്‌കോര്‍ 2-0 ആക്കി ഉയര്‍ത്തി.
മത്സരത്തിലെ മറ്റ് രണ്ട് ഗോളുകളും മയാമിയുടെ മധ്യനിര താരം റോബര്‍ട്ട് ടൈലറുടെ വകയായിരുന്നു. 44-ാം മിനിറ്റില്‍ ക്രമാഷിയുടെ അസിസ്റ്റില്‍ നിന്നും റോബര്‍ട്ട് ടൈലര്‍ മയാമിയുടെ മൂന്നാമത്തെ ഗോള്‍ നേടി. 53-ാം മിനിറ്റില്‍ മെസി നല്‍കിയ പാസ് ഗോളാക്കി ടൈലര്‍ മയാമിയുടെ നാലാമത്തെ ഗോള്‍ നേടി. വിജയം ഉറപ്പിച്ചതോടെ 78-ാം മിനിറ്റില്‍ മെസിയെ പിന്‍വലിച്ചു. 85-ാം മിനിറ്റില്‍ അറ്റ്‌ലാന്റക്ക് ഒരു പെനാല്‍റ്റി ലഭിച്ചെങ്കിലും അര്‍ജന്റീന താരം അല്‍മേഡ അത് പാഴാക്കി. വിജയത്തോടെ ലീഗ് കപ്പില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുകള്‍ നേടിയ മയാമി അടുത്തഘട്ടം ഉറപ്പിച്ചു.