ഗാങ്‌ടോക്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 12 മാസത്തെ പ്രസവാവധിയും ഒരു മാസത്തെ പിതൃത്വ അവധിയും നല്‍കുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് അറിയിച്ചു. സിക്കിം സ്റ്റേറ്റ് സിവില്‍ സര്‍വീസ് ഓഫീസേഴ്സ് അസോസിയേഷന്റെ (എസ്എസ്എസ്സിഎസ്ഒഎ) വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇതിനായി സര്‍വീസ് ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഈ ആനുകൂല്യം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ കുട്ടികളെയും കുടുംബത്തെയും നന്നായി പരിപാലിക്കാന്‍ സഹായിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും അറിയിച്ചു. സിക്കിമിന്റെയും ജനങ്ങളുടെയും വളര്‍ച്ചയ്ക്കും വികസനത്തിനും കാര്യമായ സംഭാവന നല്‍കുന്ന ഉദ്യോഗസ്ഥര്‍ സംസ്ഥാന ഭരണത്തിന്റെ നട്ടെല്ലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മെറ്റേണിറ്റി ബെനഫിറ്റ് ആക്ട് 1961 അനുസരിച്ച്, ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് 6 മാസം അല്ലെങ്കില്‍ 26 ആഴ്ച ശമ്പളത്തോടെയുള്ള പ്രസവാവധിക്ക് അര്‍ഹതയുണ്ട്.