തിരുവനന്തപുരം: കേരളത്തിന് ഒരു വന്ദേഭാരത് എക്‌സ്പ്രസ് കൂടി അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയെന്ന് ബിജെപി. ഇക്കാര്യത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പു നല്‍കിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. ട്രെയിന്‍ ആവശ്യപ്പെട്ടു താന്‍ കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് നടപടിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കാസര്‍കോട്- തിരുവനന്തപുരം റൂട്ടിലാകും ട്രെയിന്‍ സര്‍വീസ്.
”കേരളീയര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണസമ്മാനമാണിത്. വിഷുക്കൈനീട്ടമായി കേന്ദ്രം നല്‍കിയ വന്ദേഭാരത് എക്‌സ്പ്രസിനെ ഇരുകയ്യും നീട്ടിയാണ് കേരളം സ്വീകരിച്ചത്. ഈ ട്രെയിനിലെ തിരക്കിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ അതേ റൂട്ടില്‍ രണ്ടാമത്തെ വന്ദേ ഭാരത് അനുവദിക്കുന്നത്. രണ്ടാമത്തെ വന്ദേഭാരത് ആവശ്യപ്പെട്ട് കത്ത് നല്‍കിയതിനെ തുടര്‍ന്നു കേന്ദ്രം അടിയന്തരമായി ഈ വിഷയത്തില്‍ നടപടി കൈക്കൊള്ളുകയായിരുന്നു.”- സുരേന്ദ്രന്‍ വിശദീകരിച്ചു.
ഏറെനാളായി രണ്ടാമത്തെ വന്ദേഭാരതിനായി കേരളം കാത്തിരിപ്പിലാണ്. തിരുവനന്തപുരം – കാസര്‍കോട് വന്ദേഭാരതാണ് രാജ്യത്തെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് സര്‍വീസ് എന്നാണു റെയില്‍വേ പറയുന്നത്. വൈദ്യുതീകരിച്ച റെയില്‍ പാതകളുള്ള എല്ലാ സംസ്ഥാനങ്ങളിലും ജൂണ്‍ അവസാനത്തോടെ വന്ദേഭാരത് നല്‍കിക്കഴിഞ്ഞു. മംഗളൂരു-തിരുവനന്തപുരം, എറണാകുളം-ബെംഗളൂരു, തിരുനെല്‍വേലി-ചെന്നൈ, കോയമ്പത്തൂര്‍-തിരുവനന്തപുരം റൂട്ടുകളിലും വന്ദേഭാരത് സര്‍വീസ് വേണമെന്ന ആവശ്യമുയരുന്നുണ്ട്.