സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ
സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. പൂക്കളവും ഓണക്കോടിയും സദ്യയുമൊരുക്കി നാടും നഗരവും മാവേലിയെ വരവേൽക്കുകയാണ്.
കള്ളവും ചതിയും ഇല്ലാത്തൊരു ഭൂതകാലത്തിലേക്കുള്ള മലയാളിയുടെ ഗൃഹാതുരമായ യാത്ര കൂടിയാണ് ഈ ഉത്സവം.
ഐശ്വര്യവും സമൃദ്ധിയും കൊണ്ട് സമ്പന്നമായ ഒരു കാലത്തിന്റെ ഓർമ്മകളിൽ ചവിട്ടി നിന്ന്, സമത്വസുന്ദരമായ ഒരു ലോകം ആവിഷ്കരിക്കാൻ ഓരോ മലയാളിയും ശ്രമിക്കുന്നു.
കർക്കിടകത്തിലെ വറുതിക്ക് ശേഷം ചിങ്ങം മാസമെത്തുന്നതോടെ കാർഷിക സമൃദ്ധിയുടെയും നിറവിന്റെയും നാളുകളാണ് എത്തുന്നത്.
ഉണ്ണാനും ഉടുക്കാനും വഴികാണിക്കുന്നതും മനുഷ്യരെ സ്വപ്നം കാണാൻ പഠിപ്പിക്കുന്നതുമായ ഒരു പുതുവർഷമാണിത്.
തുമ്പയും മുക്കുറ്റിയും കാക്കപ്പൂവുമൊക്കെ നിറഞ്ഞ തൊടികളും പത്തായം നിറയ്ക്കലുമൊക്കെ ഏറെക്കുറെ അന്യമായെങ്കിലും, പൂക്കളമൊരുക്കിയും ഒത്തൊരുമിച്ചും മലയാളി ഓണത്തിന്റെ ആത്മാവിനെ ചേർത്തുപിടിക്കുന്നു.
അത്തം മുതൽ മണ്ണിലും മനസ്സിലും നിറഞ്ഞുനിന്ന പൂവിളികൾക്ക് ഇന്ന് പാരമ്യമാവുകയാണ്.
ഓണക്കോടിയുടുത്ത് പൂക്കളമൊരുക്കിയാൽ പിന്നെ അടുക്കളയിൽ സദ്യവട്ടങ്ങളുടെ തിരക്കാണ്. രുചിഭേദങ്ങളുടെ കലവറ തീർക്കുന്ന സദ്യ തൂശനിലയിൽത്തന്നെ വിളമ്പുന്നത് ഒരു ചടങ്ങാണ്.
വിളമ്പുന്നതിനും കഴിക്കുന്നതിനും പ്രത്യേക ചിട്ടവട്ടങ്ങളുണ്ട്. അറ്റുപോകാതെ തലമുറകൾ കൈമാറിവന്ന ഓണക്കളികളും ആഘോഷത്തിന് നിറം പകരുന്നു.
എല്ലാ മലയാളികൾക്കും news 4 മീഡിയയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.