മഹാരാജാ എക്സ്പ്രസ്സിനെ കുറിച്ചറിയാം
ന്യൂഡൽഹി: വേൾഡ് ട്രാവൽ അവാർഡുകളിൽ “ലോകത്തെ മുൻനിര ലക്ഷ്വറി ട്രെയിൻ” ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ റെയിൽവേയുടെ മഹാരാജാസ് എക്‌സ്പ്രസ്സിനു സവിശേഷതകളേറെയാണ്.
2012 മുതൽ 2018 വരെയുള്ള കാലയളവിൽ ഏഴു തവണയാണ് മഹാരാജാസ് എക്‌സ്പ്രസ് ഈ നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യയിലെയും, വിദേശത്തെയും ടൂറിസ്റ്റുകളെ രാജ്യത്തെ പ്രധാന ടൂറിസ്റ്റ് സെന്ററുകളിൽ എത്തിക്കുന്ന ഈ ട്രെയിനിൽ 20 ലക്ഷം രൂപയാണ് ടിക്കറ്റ് നിരക്ക്. മഹാരാജാസ് എക്‌സ്പ്രസ്സിലെ പ്രസിഡൻഷ്യൽ സ്യൂട്ട് ടിക്കറ്റിന് 20,90,760 രൂപയാണ് വില.
ഈ ട്രെയിനിൽത്തന്നെ വിവിധ തരം ടൂറിസ്റ്റ് പാക്കേജുകളും യാത്രക്കാർക്ക് ലഭ്യമാണ്. 6,51,000 രൂപ മുതൽ 20,90,760 രൂപ വരെയാണ് വ്യത്യസ്‌ത തരം പാക്കേജുകൾ.
മഹാരാജാസ് എക്സ്പ്രസിന്റെ വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം 7 ദിവസത്തെ, ആറ് രാത്രികളിലെ യാത്രകൾക്കാണ് 20 ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.
ആകെ 2,724 കിലോമീറ്ററാണ് ഈ ട്രെയിൻ യാത്ര ചെയ്യുന്നത്. നാല് വ്യത്യസ്‌ത തരം വിഭാഗത്തിൽ ഈ ട്രെയിനിൽ ടിക്കറ്റുകൾ ലഭ്യമാണ്. ഡീലക്സ്, ക്യാബിൻ, ജൂനിയർ സ്യൂട്ട്, പ്രസിഡൻഷ്യൽ സ്യൂട്ട് എന്നിങ്ങനെയാണ് ഉള്ളത്.
ഡീലക്സ് ക്യാബിനിൽ യാത്ര ചെയ്യാൻ ഒരു യാത്രക്കാരനു ചെലവാകുക 6,51,000 രൂപയാണ്. ക്യാബിനിൽ 8,34,960 രൂപയും, ജൂനിയർ സ്യൂട്ടിൽ 12,17,160 രൂപയും, പ്രസിഡൻഷ്യൽ സ്യൂട്ടിൽ 20,90,760 രൂപയുമാണ് ടിക്കറ്റ് നിരക്കുകൾ.
രാജസ്ഥാനെ കേന്ദ്രീകരിച്ചാണ് ട്രെയിൻ യാത്രകൾ ഒരുക്കിയിട്ടുള്ളത്. ഒക്ടോബറിനും ഏപ്രിൽ മാസത്തിനും ഇടയിൽ, വടക്ക്-പടിഞ്ഞാറ്, മധ്യ ഇന്ത്യയിലുട നീളം ഇത് പ്രധാനമായും നാല് റൂട്ടുകളിലാണ് സർവീസ് നടത്തുക.
റൂട്ടുകൾ ഇങ്ങനെ
- ഹെറിറ്റേജ് ഓഫ് ഇന്ത്യ മുംബൈ – അജന്ത – ഉദയ്പൂർ -ജോധ്‌പൂർ – ബിക്കാനീർ – ജയ്‌പൂർ -രൺതംബോർ- ആഗ്ര – ഡൽഹി (6 രാത്രികൾ/7 പകലുകൾ)
- ട്രഷേഴ്സ് ഓഫ് ഇന്ത്യ- ഡൽഹി – ആഗ്ര – രൺതംബോർ -ജയ്പൂർ – ഡൽഹി (3 രാത്രികൾ/4 പകലുകൾ)
- ഇന്ത്യൻ പനോരമ ഡൽഹി – ജയ്പൂർ – രൺതംബോർ -ഫത്തേപൂർ സിക്രി – ആഗ്ര – ഗ്വാളിയോർ – ഓർക്ക – ഖജുരാഹോ – വാരണാസി -ലഖ്നൗ – ഡൽഹി (6 രാത്രികൾ / 7 പകലുകൾ)
- ദി ഇന്ത്യൻ സ്പെപ്ലെൻഡർ- ഡൽഹി – ആഗ്ര – രൺതംബോർ -ജയ്പൂർ – ബിക്കാനീർ – ജോധ്‌പൂർ -ഉദയ്പൂർ – ബാലസിനോർ – മുംബൈ (6 രാത്രികൾ/7 പകലുകൾ)
ആകെ 23 കോച്ചുകളാണ് ട്രെയിനിൽ ഉള്ളത്. ഇതിൽ 14 വ്യക്തിഗത ക്യാബിനുകളുണ്ട്. 20 ഡീലക്സ് ക്യാബിനുകൾ, 18 ജൂനിയർ സ്യൂട്ടുകൾ, 4 സ്യൂട്ടുകൾ, നവരത്ന എന്ന എക്‌സ്ക്ലൂസീവ് പ്രസിഡൻഷ്യൽ സ്യൂട്ട് എന്നിവയുമാണ് ഉള്ളത്.
ഒരുസമയം, ആകെ 84 അതിഥികൾക്ക് ഈ ട്രെയിനിൽ യാത്ര ചെയ്യാം. അര മൈൽ നീളമുള്ള ട്രെയിനിനുള്ളിൽ മികച്ച ഹോസ്‌പിറ്റാലിറ്റി സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കൂടാതെ പൂർണ്ണമായി സ്റ്റോക്ക് ചെയ്‌ത ബാറുകൾ, ആഡംബര സ്യൂട്ടുകൾ, ബട്ട്ലർ സേവനങ്ങൾ, ലോഞ്ച്, ജനറേറ്ററുകൾ എന്നിങ്ങനെ നിരവധി സൗകര്യങ്ങളും ഈ ട്രെയിനിലുണ്ട്.
Summary: Indian Railways’ Maharajas’ Express, awarded “World’s Leading Luxury Train” at the World Travel Awards, offers premium travel to major tourist destinations in India. Ticket prices go up to ₹20 lakh, attracting both domestic and international tourists.