കൊല്ലം: ഡ്യൂട്ടിയിലുള്ള ലോക്കോ പൈലറ്റുമാർ കരിക്കിൻ വെള്ളവും ഹോമിയോ മരുന്നും കഴിക്കരുതെന്ന തിരുവനന്തപുരം ഡിവിഷനിലെ സീനിയർ ഇലക്ട്രിക്കൽ എൻജിനീയറുടെ വിവാദ ഉത്തരവ് റെയിൽവേ പിൻവലിച്ചു. റെയിൽവേ ലോക്കോ പൈലറ്റുമാരുടെ സംഘടനയായ ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റേതുൾപ്പെടെയുള്ള സമ്മർദ്ദത്തെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചത്.
കരിക്കിൻ വെള്ളവും, ഹോമിയോ മരുന്നും മാത്രമല്ല ചില തരം വാഴപ്പഴങ്ങൾ, ചുമയ്ക്കുള്ള സിറപ്പുകൾ, ലഘു പാനീയങ്ങൾ, മൗത്ത് വാഷ് എന്നിവയും ഉപയോഗിക്കരുതെന്നായിരുന്നു നിർദേശം. ജോലിക്ക് കയറും മുൻപും ഇറങ്ങിയ ശേഷവും ബ്രെത്തലൈസറിൽ സൈൻ ഇൻ, സൈൻ ഓഫ് എന്നിവ ചെയ്യുമ്പോൾ ആൽക്കഹോളിന്റെ അംശം രേഖപെടുത്തുന്നുവെന്ന കരണംകൊണ്ടായിരുന്നു ഇത്തരത്തിലൊരു ഉത്തരവ് ഇറക്കിയിരുന്നത്.
പക്ഷെ സർക്കാർ അംഗീകൃത ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ രക്തത്തിൽ ആൽക്കഹോളിന്റെ അംശം കണ്ടെത്താൻ കഴിഞ്ഞതുമില്ല. അതുകൊണ്ടുതന്നെ ബ്രെത്തലൈസറിന്റെ തകരാറാകാം ആൽക്കഹോളിന്റെ അംശം സ്ഥിരീകരിക്കുന്നതിന്റെ കാരണമായതെന്നാണ് ആരോപണം.