ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ
കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിത മുസ്തഫയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വടകരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിൽ പോയതോടെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് ഷിംജിത മുൻകൂർ ജാമ്യത്തിനായി കോഴിക്കോട് ജില്ലാ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
കേസിന്റെ ഭാഗമായി കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കാനും സ്വകാര്യ ബസ് ജീവനക്കാരടക്കം സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്താനും പൊലീസ് നീക്കം ശക്തമാക്കി. ബസിലെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പരിശോധിച്ചെങ്കിലും നിർണ്ണായകമായ തെളിവുകൾ ലഭിച്ചിട്ടില്ല.
യാത്രയ്ക്കിടെ ഉപദ്രവം നടന്നുവെന്ന തരത്തിൽ അന്ന് ആരും പരാതി നൽകിയിരുന്നില്ലെന്നാണ് ബസ് ജീവനക്കാരുടെ മൊഴി. ബസിൽ യാത്ര ചെയ്ത മറ്റ് യാത്രക്കാരുടെ മൊഴികളും ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
സംഭവം നടന്ന് ആറാം ദിവസമാണ് ഷിംജിതയുടെ അറസ്റ്റ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. പയ്യന്നൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന ആരോപണവുമായി ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരുന്നു.
ഒരു ദിവസത്തിനുള്ളിൽ തന്നെ 23 ലക്ഷം പേരാണ് വീഡിയോ കണ്ടത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്. സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ശക്തമായ വാദപ്രതിവാദങ്ങളാണ് തുടരുന്നത്.
English Summary
The accused, Shimjitha Mustafa, was remanded to 14 days’ custody in connection with the suicide of Kozhikode native Deepak, which followed the circulation of a social media video alleging sexual harassment on a bus.
kozhikode-bus-harassment-video-deepak-suicide-shimjitha-remanded
Kozhikode, bus harassment case, social media video, Deepak suicide, Shimjitha Mustafa, remand, Kerala police, CCTV investigation








