ലണ്ടൻ: ഗിന്നസ് ബുക്കിൽ ഇടംനേടിയ ലോകത്തെ ഏറ്റവും കൂടുതൽ പ്രായമുള്ള പുരുഷൻ ജോൺ ടിന്നിസ് വുഡ് 112ാം വയസിൽ നിര്യാതനായി. ഇംഗ്ലണ്ടിലെ സൗത്ത്പോർട്ടിലെ ഒരു കെയർ ഹോമിലായിരുന്നു ജോൺ ടിന്നിസ് വുഡിന്റെ അന്ത്യം.
സംഗീതത്താലും സ്നേഹത്താലും ചുറ്റപ്പെട്ടുള്ള ജീവിതമായിരുന്നു അവസാന കാലഘട്ടത്തിൽ അദ്ദേഹത്തിന്റേത് എന്ന് കുടുംബം പങ്കുവെച്ചു. വർഷങ്ങളോളം അദ്ദേഹത്തെ പരിചരിച്ചവരോട് കുടുംബം നന്ദി പറയുകയും ചെയ്തു.
114 വയസ്സുള്ള വെനസ്വേലൻ ജുവാൻ വിസെൻ്റെ പെരസിൻ്റെ മരണത്തെത്തുടർന്നാണ് 2023 ഏപ്രിലിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായി ജോൺ ടിന്നിസ് വുഡ് മാറിയത്.
1912 ൽ ടൈറ്റാനിക് മുങ്ങിയ അതേ വർഷം ലിവർപൂളിൽ ജനിച്ച ടിന്നിസ്‌വുഡ് രണ്ട് ലോക മഹായുദ്ധങ്ങളെയും രണ്ട് ആഗോള മഹാമാരികളെയും അതിജീവിച്ച വ്യക്തിയാണ്.
രണ്ടാം ലോക മഹായുദ്ധത്തിൽ റോയൽ ആർമി പേ കോർപ്സിൽ സേവനമനുഷ്ഠിച്ച ടിന്നിസ്‌വുഡ് 1942ലാണ് ബ്ലഡ്‌വെനെ വിവാഹം കഴിക്കുന്നത്. ഒരു മകളും നാല് കൊച്ചുമക്കളും മൂന്ന് പേരക്കുട്ടികളും അടങ്ങുന്ന കുടുംബമാണ് ടിന്നിസ്വുഡിന്റേത്. എണ്ണ വ്യവസായത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തു. 1986-ൽ ഭാര്യ മരിച്ചു.
എല്ലാ വെള്ളിയാഴ്‌ചയും തന്റെ പ്രിയപ്പെട്ട ഭക്ഷണമായ ബാറ്റേഡ് ഫിഷും ചിപ്സും കഴിക്കാറുള്ള ടിന്നിസ്‌വുഡ് പ്രത്യേക ഭക്ഷണക്രമമൊന്നും പാലിച്ചിരുന്നില്ല.