നോർത്ത് യോർക്‌ഷറിൽ റോഡരികിൽ നിന്ന് കണ്ടെത്തിയ മൃതദേഹം വർഷങ്ങൾക്ക് മുൻപ് ഭർത്താവ് കൊലപ്പെടുത്തിയ സ്ത്രീയുടെയാണെന്ന് സംശയം.
കണ്ടെത്തിയത് ഭർത്താവ് കൊലപ്പെടുത്തിയ റാനിയ അലായെദയുടെ (25) മൃതദേഹമാണെന്നാണ് പൊലീസിന്റെ നിഗമനം. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഖത്തീബിന് 20 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
കൊലപാതകം നടത്തിയ ശേഷം റാനിയ ജീവിച്ചിരിപ്പുണ്ടെന്ന് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ അവരുടെ വസ്ത്രങ്ങൾ ധരിച്ച് ഖത്തീബ് നടന്നുവെന്ന് കോടതിയിൽ അന്വേഷണ സംഘം അറിയിച്ചിരുന്നു.
കുട്ടികൾ തൊട്ടടുത്ത മുറിയിലുള്ളപ്പോഴാണ് ഖത്തീബ് കൃത്യം നടത്തിയത്. റാനിയ ജീവിച്ചിരിപ്പുണ്ടെന്ന തോന്നലുണ്ടാക്കാൻ ഖത്തീബ് അവരുടെ ശിരോവസ്ത്രവും ജീൻസും ധരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
2013 ജൂണിൽ റാനിയ അലായെദിനെ സൽഫോർഡിലെ ഫ്ലാറ്റിൽ വച്ചാണ് ഭർത്താവ് അഹമ്മദ് അൽ ഖത്തീബ് കൊലപ്പെടുത്തിയത്. റാനിയ തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത്.
പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് തിങ്കളാഴ്ച തിർസ്കിൽ വീണ്ടും തിരച്ചിൽ ആരംഭിച്ചു.