ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് ആളുകളുടെ മുൻപിൽവച്ച് ഭര്‍ത്താവിനെ പരസ്യമായി അപമാനിക്കുന്നതും ലൈംഗികജീവിതം ചര്‍ച്ച ചെയ്യുന്നതും മാനസിക പീഡനമാണെന്ന് ഡല്‍ഹി ഹൈക്കോടതി. ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസുമാരായ സുരേഷ് കുമാർ കെയ്ത്, നീന ബന്‍സാല്‍ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
2011ൽ വിവാഹിതരായ ദമ്പതിമാർക്ക്കുട്ടികൾ ഉണ്ടായിരുന്നില്ല. സ്വാഭാവിക ഗർഭധാരണം സാധിക്കാതെ വന്നതോടെ ഇവർ ഐവിഎഫ് ചികിത്സയ്ക്ക് വിധേയരായി. പക്ഷേ രണ്ടുതവണ ചികിത്സയ്ക്ക് വിധേയരായെങ്കിലും ഗർഭം ധരിക്കാനായില്ല. ഇതോടെ തനിക്ക് ലൈംഗികശേഷിയില്ലെന്ന് ഭാര്യ പരസ്യമായി പറഞ്ഞ് തന്നെ അപമാനിച്ചെന്ന് ഭർത്താവിന്റെ പരാതിയിൽ പറയുന്നു. ഭാര്യയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മുൻപിൽ വച്ചായിരുന്നു അധിക്ഷേപം. എന്നാൽ ഭർത്താവിൽ നിന്നും സ്ത്രീധന പീഡനത്തിന് ഇരയായിരുന്നു എന്ന് ഭാര്യയും വാദിച്ചു. എന്നാൽ ഈ വാദം തള്ളിയ കോടതി സ്ത്രീധന പീഡനത്തിന് മതിയായ തെളിവുകളില്ലെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് ഭർത്താവിന് വിവാഹമോചനം അനുവദിക്കുകയായിരുന്നു. ഭാര്യയില്‍നിന്നുള്ള ഇത്തരം ക്രൂരത വിവാഹമോചനം അനുവദിക്കുന്നതിനുള്ള കാരണമാണെന്നും കോടതി പറഞ്ഞു.