സർക്കാർ ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന്
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽപെട്ട് മരിച്ച ബിന്ദുവിന്റെ കുടുംബത്തിനൊപ്പം സർക്കാർ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.
ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്ന് പറഞ്ഞ മന്ത്രി ബിന്ദുവിന്റെ കുടുംബത്തിന്റെ തന്റെയും ദു:ഖമാണെന്നും കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
‘കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്.
കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നു. സർക്കാർ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും.’
ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽപെട്ട് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ യാത്രയാക്കി നാട്.
ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അതിനുശേഷം മൃതദേഹം രണ്ട് മണിക്കൂർ പൊതുദർശനത്തിന് വച്ചു. കേരളലിയിക്കുന്ന കാഴ്ചകളായിരുന്നു ബിന്ദുവിന്റെ വീട്ടിൽ അരങ്ങേറിയത്.
‘അമ്മാ…. എന്നെക്കൊണ്ട് പറ്റൂല്ലാമ്മാ… ഇട്ടേച്ച് പോകല്ലാമ്മാ…’ ബിന്ദുവിന്റെ വേർപാട് സഹിക്കാനാവാതെ മകൻ അലറിക്കരയുന്നത് കണ്ടുനിൽക്കാനേ ചുറ്റുമുള്ളവർക്ക് കഴിഞ്ഞുള്ളു.
ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ അതിവൈകാരിക നിമിഷങ്ങൾക്കായിരുന്നു ബിന്ദുവിൻ്റെ തലയോലപ്പറമ്പിലെ വീട് സാക്ഷ്യം വഹിച്ചത്. വൻ ജനക്കൂട്ടമാണ് ബിന്ദുവിൻ്റെ മൃതദേഹം കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും പലയിടങ്ങളിൽ നിന്നും ഒഴുകിയെത്തിയത്.
തന്റെ ഭാര്യ ഇനി ഒപ്പം ഇല്ലല്ലോ എന്ന വേദനയും പേറി മക്കളെ ഇനി എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് പോലും അറിയാതെ നെഞ്ച് നീറി കരയുന്ന ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതൻ.
ബിന്ദുവിൻ്റെ വീട്ടിലെ കാഴ്ചകൾ കണ്ടുനിൽക്കാനാകാതെ തേങ്ങി ഒരു ഗ്രാമം മുഴുവനും സംസ്കാര ചടങ്ങിനെത്തി. തലയോലപ്പറമ്പിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
മകൻ നവനീത് അന്ത്യ കർമ്മങ്ങൾ നിർവഹിച്ചു. തലയോലപ്പറമ്പിലെ വസതിയിലേക്ക് നിരവധി ആളുകളാണ് ബിന്ദുവിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്.
‘അമ്മാ..ഇട്ടേച്ച് പോവല്ലമ്മാ’ എന്ന് ഉറക്കെ കരഞ്ഞ മകൻ നവനീതിന്റെയും കരയാനാകാതെ നിന്ന മകൾ നവമിയുടെയും കാഴ്ച അവിടേക്കെത്തിയ എല്ലാവരുടെയും കരളലിയിച്ചു.
ദുഃഖം കടിച്ചമർത്തി നിന്നിരുന്ന ഭർത്താവ് വിശ്രുതനും മക്കൾക്കും ആശ്വാസം പകരാൻ ആർക്കുമായില്ല.
ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ എംഎൽഎ ധനസഹായം പ്രഖ്യാപിച്ചു. 5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മൻ ധനസഹായം പ്രഖ്യാപിച്ചത്.
ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് കുടുംബത്തിനു തുക നൽകുക. നേരത്തെ, സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ പ്രഖ്യാപിച്ചിരുന്നു.
ഇന്നത്തെ സംസ്കാര ചടങ്ങിനായി 50,000 രൂപയും നൽകുമെന്ന് മന്ത്രി വാസവൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം നടത്തിയത്.
അപകടം നടന്നയുടൻ ചാണ്ടി ഉമ്മൻ സ്ഥലത്തെത്തിയിരുന്നു. പിന്നീട് ചാണ്ടി ഉമ്മൻ്റേയും പ്രതിഷേധത്തെ തുടർന്നാണ് രക്ഷാപ്രവർത്തനമുൾപ്പെടെ നടന്നത്.
English Summary:
Health Minister Veena George has assured that the government will stand with the family of Bindu, who died in the Kottayam Medical College accident. Expressing deep sorrow, the minister said that Bindu’s death is extremely painful and that her grief is also the minister’s own. The statement was made via a Facebook post.