തിരുവനന്തപുരം: മലയാളികളുടെ സ്വന്തം ഗാനഗന്ധർവൻ കെ ജെ യേശുദാസിന് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്ന ആവശ്യവുമായി ശിവഗിരി മഠം രംഗത്ത്. ക്ഷേത്രത്തിൽ നിലനിൽക്കുന്ന ആചാരങ്ങൾ പരിഷ്കരിക്കണമെന്ന ആവശ്യവുമായി ഗുരുവായൂർ ദേവസ്വത്തിന് മുന്നിൽ അടുത്ത മാസം പ്രക്ഷോഭം നടത്താനിരിക്കുകയാണ്. ഗായകൻ യേശുദാസിന് ഗുരുവായൂർ ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്നതാകും ഇതിലെ പ്രധാന വിഷയമെന്നും ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
മാത്രമല്ല ‘യേശുദാസ് ഗുരുവായൂരപ്പന്റെ ഭക്തനാണ്. ജാതിമത വ്യത്യാസമോ മറ്റു ഭേദ ചിന്തകളോ ഇല്ലാത്ത, മതാതീത ആത്മീയതയും നവോത്ഥാന നിലപാടുകളും ഉയർത്തിപ്പിടിക്കുന്ന യേശുദാസിന് വേണ്ടി സംസ്ഥാന സർക്കാരും അനുകൂല നിലപാട് സ്വീകരിക്കണം’, എന്നും ശിവഗിരി മഠം പ്രസിഡന്റ് പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രപ്രവേശനം ആഗ്രഹിക്കുന്നവരിൽ അവസാന സ്ഥാനക്കാരനായി ക്ഷേത്രത്തിൽ കയറാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് 2018 ൽ യേശുദാസ് ഈ വിഷയത്തോട് പ്രതികരിച്ചിരുന്നത്. ഗുരുവായൂർ പ്രവേശന വിഷയത്തിൽ തനിക്ക് മാത്രം പ്രത്യേക പരിഗണകളൊന്നും തന്നെ വേണ്ടെന്നും, തനിക്ക് മാത്രമായി പ്രവേശനം അനുവദിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മാത്രമല്ല പൂർണഭക്തിയോടെ ഗുരുവായൂരപ്പനെ കാണുന്ന എല്ലാവർക്കും പ്രവേശനം അനുവദിക്കുന്ന കാലത്തേ താൻ ഗുരുവായൂർ ക്ഷേത്രത്തിൽ പോകൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.