കോട്ടയം: കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്ത എൻഎസ്എസ് ഭാരവാഹിയെ പുറത്താക്കി. എൻഎസ്എസ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് സി പി ചന്ദ്രൻ നായരെയാണ് പുറത്താക്കിയത്. വൈസ് പ്രസിഡന്റിന് പകരം ചുമതല നൽകിയിട്ടുണ്ട്.
കഴിഞ്ഞദിവസം നടന്ന പാലാ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ തോമസ് ചാഴികാടനും ജോസ് കെ മാണിക്കുമൊപ്പം സജീവ സാന്നിധ്യമായി ചന്ദ്രൻ നായരുമുണ്ടായിരുന്നു. കരയോഗം പ്രവർത്തകരുടെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് എൻഎസ്എസ് നേതൃത്വത്തിന്റെ നടപടിയെന്നാണ് വിവരം.
എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ പ്രസിഡന്റ് പങ്കെടുത്തതിന് പിന്നാലെ അംഗങ്ങൾക്കിടയിൽ അഭിപ്രായഭിന്നതകൾ ഉടലെടുത്തിരുന്നു. ഇതേത്തുടർന്ന് താലൂക്ക് യൂണിയന്റെ 13 അംഗങ്ങളെ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ചങ്ങനാശ്ശേരിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു.









