കോട്ടയം: കോട്ടയം അതിരമ്പുഴയിൽ നിന്ന് കാണാതായ വനിതാ പഞ്ചായത്ത് അംഗത്തെയും രണ്ടു പെൺമക്കളെയും കണ്ടെത്തി. അതിരമ്പുഴ പഞ്ചായത്ത് 20–ാം വാർഡ് അംഗം ഐസി സാജനെയും പെൺകുട്ടികളെയും എറണാകുളത്തെ ലോഡ്ജിൽ നിന്നാണ് കണ്ടെത്തിയത്.
യുവതിയുടെ മൊബൈൽ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഏറ്റുമാനൂർ പോലീസ് മൂവരെയും കണ്ടെത്തിയത്. ഇന്ന് രാവിലെ മുതലാണ് ഐസിയെയും മക്കളെയും കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ഇവരെ കാണാതാകുന്നതിനു മുൻപ് ഐസി ഫേസ്ബുക്കിൽ ഭർതൃവീട്ടുകാർക്കും പൊലീസിനുമെതിരെ പോസ്റ്റിട്ടിരുന്നു. രണ്ടു വർഷം മുൻപാണ് ഐസിയുടെ ഭർത്താവ് സാജൻ മരിച്ചത്. തുടർന്ന് ഭർത്താവിന്റെ ബന്ധുക്കളിൽ നിന്നു സ്വത്ത് വീതം വച്ച് നൽകണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സ്വത്ത് വിഹിതമായി 60 ലക്ഷം രൂപ ഐസിക്ക് നൽകാൻ പൊലീസ് നിർദേശിച്ചു. തുടർന്ന് ആദ്യഗഡുവായി 10 ലക്ഷം രൂപ നൽകുകയും ചെയ്തിരുന്നു. എന്നാൽ ബാക്കിയുള്ള 50 ലക്ഷം രൂപ നൽകാൻ വൈകിയതിനു പിന്നാലെയാണ് ഐസി ഭർതൃവീട്ടുകാർക്കും പൊലീസിനുമെതിരെ പോസ്റ്റിട്ടത്.
എന്നാൽ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ ഐസിയെയും മക്കളെയും കാണാതാവുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ എറണാകുളത്ത് ഉള്ളതായി സ്ഥിരീകരിച്ചത്.
മഴ തുടരുന്നു; ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് നാളെ അവധി.
വയനാട് ജില്ലയിലെ ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. എന്നാൽ റസിഡന്‍ഷല്‍ സ്‌കൂളുകള്‍, റസിഡന്‍ഷല്‍ കോളജുകള്‍, സർവകലാശാലാ പരീക്ഷകള്‍, പിഎസ്‌സി പരീക്ഷകൾ എന്നിവയ്ക്ക് അവധി ബാധകമല്ല.
കോഴിക്കോട് ജില്ലയിൽ കനത്ത മഴയായതിനാലും റെഡ് അലർട്ട് തുടരുന്ന സാഹചര്യത്തിലും ബുധനാഴ്ച സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് കലക്ടർ സ്നേഹിൽകുമാർ സിങ് അറിയിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്റർ എന്നിവയ്ക്കും അവധി ബാധകമാണ്.