കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയതിന്റെ തുക ഒരു പുഞ്ചിരിയിലൂടെ അടയ്ക്കാന്‍ വഴിയൊരുക്കുന്ന സ്മൈല്‍ പേയുമായി ഫെഡറല്‍ ബാങ്ക്. Federal Bank launched Smile Pay system
ഇന്ത്യയിലെ ആദ്യ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ പെയ്മെന്റ് സംവിധാനമാണ് ഭീം ആധാര്‍ പേയില്‍ അധിഷ്ഠിതമായ സ്മൈല്‍ പേ.
റിലയന്‍സ് റീട്ടെയില്‍, സ്വതന്ത്ര മൈക്രോ ഫിനാന്‍സ് എന്നിവയുടെ തെരഞ്ഞെടുത്ത ബ്രാഞ്ചുകളിലും ഔട്ട്ലെറ്റുകളിലുമാണ് സ്മൈല്‍ പേ തുടക്കത്തില്‍ ലഭ്യമാക്കിയിട്ടുള്ളത്.
മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ വച്ച് ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ സ്മൈല്‍ പേ പുറത്തിറക്കി.
രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 78-ാം വര്‍ഷം ആഘോഷിക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റേയും സൗകര്യത്തിന്റേയും കാര്യത്തില്‍ നിര്‍ണായക നാഴികക്കല്ലാണ് വിപ്ലവാത്കമകമായ ഈ പദ്ധതി.
സ്മൈല്‍ പേ എന്നത് വെറുമൊരു ഉല്‍പന്നത്തിനപ്പുറം കൂടുതല്‍ ഫലപ്രദമായ സാമ്പത്തിക സംവിധാനങ്ങള്‍ നല്‍കുന്ന പാതയിലേക്കുള്ള ചുവടുവെപ്പു കൂടിയാണെന്ന് ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.
ഇടപാടുകാരുടെ ബാങ്കിങ് അനുഭവങ്ങളെ ഈ സാങ്കേതികവിദ്യ എങ്ങനെയാണു മാറ്റുകയെന്നു കാണാന്‍ തങ്ങള്‍ക്ക് ആവേശമുണ്ടെന്നും ശാലിനി വാര്യര്‍ കൂട്ടിച്ചേര്‍ത്തു .
പണം, കാര്‍ഡ്, മൊബൈല്‍ എന്നിവ ഇല്ലെങ്കില്‍പ്പോലും പേയ്മെന്റ് നടത്താനുള്ള സൗകര്യമാണ് സ്മൈല്‍ പേ ഒരുക്കുന്നത്.
ഫലപ്രദമായി തിരക്കു നിയന്ത്രിക്കാനും കൗണ്ടറുകളില്‍ സുഗമമായ ഇടപാടുകള്‍ സാധ്യമാക്കാനും ഇത് ഇടപാടുകാരെ സഹായിക്കും.
യുഐഡിഎഐ ഫെയ്സ് റെക്കഗ്‌നിഷന്‍ സേവനം വഴി സുരക്ഷിതവും വിശ്വസനീയവുമായ സേവനം ഉറപ്പാക്കാന്‍ സാധിക്കുന്നതാണ്.