കൊല്ലം : ഇട്ടിവ ചാണപ്പാറയിൽ സൈനികന്റെ മുതുകിൽ പി.എഫ്.ഐ. എന്നെഴുതിയ സംഭവത്തിൽ വൻ വഴിത്തിരിവ്. മിലിറ്ററി ഇന്റലിജൻസിനേയും പോലീസിനേയും രണ്ട് ദിവസം കുഴക്കിയ കേസിൽ സൈനീകനും സുഹൃത്തും പിടിയിൽ. അന്വേഷണ സംഘത്തെ കബളിപ്പിക്കാൻ നടത്തിയ ശ്രമവും കണ്ടെത്തി.
മുക്കടയിലുള്ള സുഹൃത്തിന്റെ വീട്ടിൽ പോയതിനുശേഷം ബൈക്കിൽ മടങ്ങവേ മുക്കട സ്കൂളിനും ചാണപ്പാറയ്ക്കും ഇടയ്ക്കുള്ള റബ്ബർ തോട്ടത്തിനു സമീപംവെച്ച് മൂന്നുപേർ കൈകാണിച്ചു നിർത്തിയെന്നാണ് സൈനീകനായ ഷൈൻ പരാതി നൽകിയത്. പരിക്കേറ്റുകിടക്കുന്ന ഒരാളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കാമോ എന്നാണ് അജ്ഞാതർ ചോദിച്ചത്. തുടർന്ന് തോട്ടത്തിനുള്ളിലേയ്ക്ക് കൊണ്ട് പോയി. അവിടെ മൂന്നുപേർ കാത്തു നിൽപ്പുണ്ടായിരുന്നു.ഇവരുൾപ്പെടെ ആറുപേർചേർന്ന് മർദിച്ചു. വായിലും കൈകളിലും ടേപ്പ് ഒട്ടിച്ചശേഷം ടീ ഷർട്ട് വലിച്ചുകീറി പച്ച പെയിൻറുകൊണ്ട് പി.എഫ്.ഐ. എന്ന് എഴുതുകയായിരുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഇത് പ്രകാരം തിങ്കളാഴ്ച്ച നാല് മണിക്കൂറോളം സൈനീകൻ ചൂണ്ടികാണിച്ച സ്ഥലത്ത് ഫിംഗർ പ്രിന്റ് വിദഗ്ദർ അടക്കം പരിശോധന നടത്തി.
രാജസ്ഥാനിൽ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ വിഭാഗത്തിൽ ഹവിൽദാറായ ഷൈൻ റിപ്പോർട്ട് ചെയ്തത് പ്രകാരം മിലിറ്ററി ഇന്റലിജൻസും സ്ഥലത്ത് അന്വേഷണം നടത്തിരുന്നു.ഒരുമാസംമുമ്പ് അവധിക്ക് നാട്ടിലെത്തിയ ഷൈൻ തിങ്കളാഴ്ച മടങ്ങാനിരിക്കെ ഞായറാഴ്ച രാത്രി 12-നാണ് സംഭവം നടന്നതായി പറഞ്ഞത്.
ഇത് പ്രകാരം നടത്തിയ അന്വേഷണത്തിൽ സൈനീകന്റെ ഉറ്റസുഹൃത്തായ ജ്വോഷിയെ കടക്കാവൂർ പോലീസ് ചോദ്യം ചെയ്തു.ജ്വോഷിയിൽ നിന്നാണ് പരാതി വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നത്. പോലീസിന് ജ്വോഷി നൽകിയ മൊഴി പ്രകാരം ഞായറാഴ്ച്ച രാത്രി സൈനീകൻ ആവശ്യപ്പെട്ടത് പ്രകാരമാണ് പി.എഫ്.ഐ എന്ന് മുതുകിൽ എഴുതി കൊടുത്തത്. നല്ല മദ്യലഹരിയിലായിരുന്നു . അത് കൊണ്ട് സൈനീകൻ പി.എഫ്.ഐ എന്ന് പറഞ്ഞെങ്കിലും കേട്ടത് ഡി.ഐ.ഐ എന്നാണ്. അത് കൊണ്ട് ആദ്യം ഡി എന്ന് എഴുതി. പിന്നീട് അത് മായ്ച്ച ശേഷം പി എന്ന് എഴുതി. ഇടിക്കാനും തൊഴിക്കാനും ആവിശ്യപ്പെട്ടെങ്കിലും മദ്യലഹരിയിലായതിനാൽ അതിന് കഴിഞ്ഞില്ല. തറയിലൂടെ ഉരയ്ക്കാനും ആവിശ്യപ്പെട്ടു. പക്ഷെ അതിനും പറ്റിയില്ല. ജ്വോഷി മൊഴി നൽകുന്ന വീഡിയോ ദൃശ്യങ്ങൾ സ്വകാര്യ ചാനലുകൾ സംപ്രേഷണം ചെയ്തു.
സൈനീകന്റെ മുതുകിൽ പി.എഫ്.ഐ എന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും ജ്വോഷിയുടെ വീട്ടിൽ നിന്നും കണ്ടെത്തി. നിലവിൽ സൈനീകനും സുഹൃത്തും കടയ്ക്കാവൂർ പോലീസിന്റെ കസ്റ്റഡിയിലാണ്. പ്രശസ്തനാകാനാണ് ചെയ്തതെന്നാണ് പോലീസ് അനുമാനം. കൂടാതെ ജോലിയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.
കൊട്ടാരക്കര ഡിവൈ.എസ്.പി. ജി.ഡി.വിജയകുമാർ, കടയ്ക്കൽ എസ്.എച്ച്.ഒ. രാജേഷ്, ചിതറ എസ്.എച്ച്.ഒ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
Readf Also:സൈനീകന്റെ മുതുകിലെ പി.എഫ്.ഐ എഴുത്ത്: ഷൈനുമായി തെളിവെടുപ്പ് നടത്തി.