മൂന്നു പതിറ്റാണ്ടിലേറെ നീണ്ട കരിയർ അവസാനിപ്പിച്ച് ഇംഗ്ലീഷ് ഇതിഹാസ താരം ജെയിംസ് ആൻഡേഴ്സൺ ക്രിക്കറ്റിന്റെ പടിയിറങ്ങുന്നു. തന്റെ 188ാം മത്സരത്തിനു ശേഷമാണ് താരം തന്റെ ക്രിക്കറ്റ് കരിയറിനു തിരശ്ശീലയിട്ടത്.(English cricket legend James Anderson retired)
ക്രിക്കറ്റിന്റെ പറുദീസയായ ലോർഡ്സിൽ ഇംഗ്ലണ്ട് വെസ്റ്റിൻഡീസിനെ ഇന്നിങ്സിനും 114 റൺസിനും ചുരുട്ടിക്കൂട്ടിയ ദിനത്തിലാണ് 41കാരനായ ആൻഡേഴ്സൺ വിരമിക്കുന്നത്.വെസ്റ്റിൻഡീസിനെതിരായ കളിയുടെ രണ്ടാം ഇന്നിങ്സിൽ 32 റൺസ് വഴങ്ങി ആൻഡേഴ്സൺ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.
ഏറ്റവുമൊടുവിൽ വെള്ളിയാഴ്ച വിൻഡീസ് താരം ജോഷ്വ ഡ സിൽവയെ ആണ് മടക്കിയത്. ടെസ്റ്റിന്റെ മൂന്നാം ദിവസം ആറ് വിക്കറ്റ് നഷ്ടത്തിൽ 79 റൺസുമായി പരാജയമുഖത്ത് വീണ്ടും കളി തുടങ്ങിയ വിൻഡീസ് ഒരു മണിക്കൂർ പിന്നിടുമ്പോഴേക്ക് എല്ലാവരും മടങ്ങിയിരുന്നു.
700 വിക്കറ്റ് നേടി വിരമിച്ച ഷെയിൻ വോണിന് നാല് വിക്കറ്റ് അരികെ നിൽക്കെയാണ് ആൻഡേഴ്സണിന്റെ മടക്കം. ഇരുവർക്കും മുന്നിൽ ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരൻ മാത്രമാണ് ഇനിയുള്ളത് . 800 വിക്കറ്റാണ് മുരളീധരന്റെ സമ്പാദ്യം.
ആൻഡേഴ്സണിന്റെ പിൻഗാമിയായി വാഴ്ത്തപ്പെടുന്ന ഗുസ് അറ്കിൻസൺ അവസാന വിൻഡീസ് താരത്തെയും മടക്കി കളി ആധികാരികമായി കൈയിലാക്കിയതിനു പിറകെ പവലിയനിലേക്ക് മടങ്ങിയ ആൻഡേഴ്സണിന് നിറഞ്ഞ ഗാലറിയും സഹതാരങ്ങളും ഒന്നിച്ച് യാത്രയയപ്പ് നൽകി.