മൂന്നാറിൽ കക്കൂസ് മാലിന്യം പുഴയിൽ തള്ളിയ റിസോർട്ടിന് എട്ടിൻ്റെ പണി
മൂന്നാർ മുതിരപ്പുഴയാറിൽ കക്കൂസ് മാലിന്യം തള്ളിയ റിസോർട്ടിന് അരലക്ഷം രൂപ പിഴ ചുമത്തി. സ്ഥാപനം ഉടൻ അടച്ചുപൂട്ടാൻ നോട്ടീസ് നൽകി.
പഴയമൂന്നാർ ‘വെസ്റ്റ് വുഡ്’ റിസോർട്ടിനെതിരെയാണ് മൂന്നാർ പഞ്ചായത്ത് കർശന നടപടി സ്വീകരിച്ചത്.
തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. പുഴയോരത്ത് സ്ഥിതി ചെയ്യുന്ന റിസോർട്ടിലെ കക്കൂസ് മാലിന്യം ശക്തിയേറിയ മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്ത് പുഴയിലേക്ക് ഒഴുക്കുകയായിരുന്നു.
സംഭവം പഴയമൂന്നാറിലെ ടാക്സി ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പുറം ലോകമറിഞ്ഞത്. മാലിന്യം തള്ളാൻ അനുവദിക്കില്ലെന്ന് നിലപാടുമായി ഡ്രൈവർമാർ രംഗത്തേത്തിയതോടെ റിസോർട്ട് അധികൃതരുമായി വാക്കുതർക്കമുണ്ടായി.
ഇതോടെ ഡ്രൈവർമാർ മൂന്നാർ പോലീസിൽ വിവരമറിയിച്ചു. ഇതേ തുടർന്ന് പോലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
വൻതോതിൽ കക്കൂസ് മാലിന്യം പുഴയിൽ തള്ളുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് റിസോർട്ഉ ഉടമയ്ക്ക് അരലക്ഷം രൂപ പിഴ ചുമത്തി.
സ്ഥാപനം ഉടൻ അടച്ചു പൂട്ടാൻ നോട്ടീസ് നൽകി. സംഭവത്തിൽ റിസോർട്ട് അധികൃതർക്കെതിരെ മൂന്നാർ പോലീസ് കേസെടുത്തു.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യവും ഹോട്ടലുകളിലെ അവശിഷ്ടങ്ങളും മുതിരപ്പുഴയാറിൽ തള്ളുന്നത് പതിവായിരിക്കുകയാണ്. പുഴയിൽ പലഭാഗത്തും മാലിന്യം കുന്നുകൂടി കിടപ്പുണ്ട്.
പുഴയിൽ മാലിന്യം തള്ളിയ റിസോർട്ടുകൾക്കെതിരെ നേരത്തെ പഞ്ചായത്തും ആരോഗ്യവകുപ്പും നടപടിയെടുത്തിരുന്നു. എന്നാൽ പലരും മാലിന്യം പുഴയിൽ തള്ളുന്നത് തുടർന്നു.
മൂന്നാർ ടൗണിലെ മാലിന്യം പൂർണമായി ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്‌ടിപി) സ്ഥാപിക്കുന്നതിനായി ഹെഡ് വർക്ക്സ് ജങ്ഷന് സമീപം സ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് നടപടിയുണ്ടായില്ല.









