തിരുവനന്തപുരം: വിവാദത്തിലായ എ.ഡി.ജി.പി: എം.ആര്‍. അജിത് കുമാര്‍ വീണ്ടും പോലീസിലെ താക്കോല്‍ സ്‌ഥാനത്തേക്കെന്നു സൂചന. സുപ്രധാന തസ്‌തികയില്‍ അജിത് കുമാറിനെ നിയമിക്കാനുള്ള ചർച്ചകൾ തുടങ്ങി.
ജനുവരിയില്‍ പോലീസ് ഉന്നത തലത്തില്‍ അഴിച്ചു പണിയുണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഇപ്പോൾ എസ്.പിമാരായ യതീഷ് ചന്ദ്ര, കാര്‍ത്തിക്, ഹരിശങ്കര്‍, നാരായണന്‍ എന്നിവര്‍ ഡി.ഐ.ജിമാരാകും. ഇവരെ റേഞ്ച് ഡി.ഐ.ജിമാരാക്കി നിയമിക്കും.
തൃശൂര്‍പൂരം കലക്കല്‍, ആര്‍.എസ്.എസ്. നേതാവുമായുള്ള കൂടിക്കാഴ്‌ച തുടങ്ങിയ വിവാദ വിഷയങ്ങളിലെ സി.പി.ഐയുടെ എതിര്‍പ്പിനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉയര്‍ത്തിയ ആരോപണങ്ങളെയും തുടര്‍ന്നാണ് അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയില്‍ നിന്നും താത്കാലികമായി മാറ്റിയത്.
എന്നാല്‍ ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ആരോപണങ്ങളൊന്നും പ്രതിഫലിച്ചില്ല. തൃശൂര്‍ പൂരത്തിലെ വിവാദങ്ങളൊന്നും ചേലക്കരയില്‍ ജയത്തെ സ്വാധീനിച്ചില്ല.
ഈ സാഹചര്യത്തിലാണ് അജിത് കുമാറിനെ വീണ്ടും സുപ്രധാന തസ്‌തികയിലേക്കു കൊണ്ടുവരാന്‍ നീക്കം തുടങ്ങിയത്.
അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ പോലീസ് മേധാവി നടത്തിയ അന്വേഷണത്തിലും കാര്യമായ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണു സൂചന.
തൃശൂര്‍പൂരത്തിലെ പോലീസ് വീഴ്‌ചകള്‍ എല്ലാ വര്‍ഷവുമുണ്ടാകാറുള്ളതാണെന്ന വിലയിരുത്തല്‍ ബന്ധപ്പെട്ട ദേവസ്വങ്ങള്‍ക്കു പോലുമുണ്ടെന്നാണ് റിപ്പോർട്ട്. ബി.ജെ.പി.-സി.പി.എം. ഡീലെന്ന ആരോപണം ഈ ഉപതെരഞ്ഞെടുപ്പോടെ അപ്രസക്‌തമായെന്നാണു വിലയിരുത്തല്‍.