ജീവനക്കാർക്ക് സ്വന്തമായി ഒന്നരക്കോടിയുടെ ഫ്ലാറ്റ് സമ്മാനവുമായി കമ്പനി
ബെയ്ജിംഗ് ∙ ജീവനക്കാരെ ദീർഘകാലം സ്ഥാപനത്തിൽ നിലനിർത്താൻ അപൂർവമായ ആനുകൂല്യവുമായി ചൈനയിലെ ഒരു ഓട്ടോ പാർട്‌സ് കമ്പനി.
ജോലിയിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ജീവനക്കാർക്ക് സ്വന്തമായി താമസിക്കാനുള്ള അപാർട്‌മെന്റ് നൽകുമെന്ന പ്രഖ്യാപനത്തിലൂടെ ഷെയിയാങ് ഗുവാഷെങ് ഓട്ടോമൊബൈൽ കമ്പനി ശ്രദ്ധ നേടുകയാണ്.
ഓട്ടോമോട്ടീവ് ഫാസ്റ്റനറുകൾ നിർമിക്കുന്ന ഈ കമ്പനിയാണ് ജീവനക്കാർക്കായി ഇത്തരമൊരു വാഗ്ദാനം മുന്നോട്ടുവച്ചത്.
ഇതിനായി ഓഫീസിന് സമീപമുള്ള 18 റെസിഡെൻഷ്യൽ ഫ്‌ളാറ്റുകൾ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. ഏകദേശം 12.7 കോടി രൂപയാണ് കമ്പനി ഉടമ ഇതിനായി ചെലവഴിച്ചതെന്ന് അധികൃതർ അറിയിച്ചു.
രണ്ട് വർഷം മുമ്പാണ് ഈ ഫ്‌ളാറ്റുകൾ വാങ്ങിയതെന്നും, ഇപ്പോൾ വിപണിയിൽ അവയുടെ മൂല്യം വർധിച്ചിട്ടുണ്ടാകാമെന്നും കമ്പനി വൃത്തങ്ങൾ പറയുന്നു.
ഓരോ ഫ്‌ളാറ്റിന്റെയും ഏകദേശ വിപണി വില 1.2 കോടി മുതൽ 1.5 കോടി രൂപ വരെ വരുമെന്നാണ് കണക്കാക്കുന്നത്.
ജീവനക്കാർ കമ്പനിയോടുള്ള പ്രതിബദ്ധത നിലനിർത്തുകയും ദീർഘകാലം സേവനം തുടരുകയും ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ആനുകൂല്യം നൽകുന്നതെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
ജീവനക്കാർക്ക് സ്വന്തമായി ഒന്നരക്കോടിയുടെ ഫ്ലാറ്റ് സമ്മാനവുമായി കമ്പനി
ഫ്‌ളാറ്റ് ലഭിക്കുന്ന ജീവനക്കാർ കുറഞ്ഞത് അടുത്ത അഞ്ച് വർഷം കൂടി കമ്പനിയിൽ ജോലി തുടരുമെന്ന് ഉറപ്പുനൽകുന്ന കരാറിൽ ഒപ്പുവെക്കേണ്ടതുണ്ടെന്നും അധികൃതർ പറഞ്ഞു.
ഇതിലൂടെ പരിചയസമ്പന്നരായ ജീവനക്കാരെ നിലനിർത്താനും സ്ഥാപനത്തിന്റെ വളർച്ച ഉറപ്പാക്കാനും കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
നിലവിൽ ഷെയിയാങ് ഗുവാഷെങ് ഓട്ടോമൊബൈൽ കമ്പനിയിൽ ഏകദേശം 450 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഈ വർഷം ഇതിനോടകം തന്നെ ജോലിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ അഞ്ച് ജീവനക്കാർക്ക് അപാർട്‌മെന്റുകൾ കൈമാറിയതായി റിപ്പോർട്ടുണ്ട്.
ഫ്‌ളാറ്റ് ലഭിച്ചവരിൽ രണ്ട് പേർ ജൂനിയർ തലത്തിലുള്ള സ്ഥാനങ്ങളിൽ നിന്ന് മാനേജ്‌മെന്റ് റോളുകളിലേക്ക് ഉയർന്നുവെന്നും കമ്പനി അറിയിച്ചു. ഇത് ജീവനക്കാരുടെ കഴിവിനും വിശ്വസ്തതയ്ക്കുമുള്ള അംഗീകാരമാണെന്നാണ് വിലയിരുത്തൽ.
എല്ലാ അപാർട്‌മെന്റുകളും കമ്പനി കെട്ടിടത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവിനുള്ളിലായാണ് സ്ഥിതി ചെയ്യുന്നത്.
ഇതിലൂടെ ജോലിസ്ഥലത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ജീവനക്കാർക്ക് സാധിക്കുമെന്നും, താമസ-ഗതാഗത പ്രശ്നങ്ങൾ കുറയ്ക്കാനാകുമെന്നും മാനേജ്മെന്റ് വിശദീകരിച്ചു.
ജീവനക്കാരുടെ ക്ഷേമത്തിന് പ്രാധാന്യം നൽകുന്ന ഇത്തരം പദ്ധതികൾ തൊഴിൽ മേഖലയിൽ പുതിയ മാതൃകയായി മാറുകയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.









