ബന്ദിപ്പോറ: ജമ്മു കശ്മീരിലെ ബന്ദിപ്പോറയിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ ത്വയ്ബ കമാൻഡറെ വധിച്ച് സുരക്ഷാ സേന. അൽതാഫ് ലല്ലി എന്ന ഭീകരനെയാണ് വധിച്ചത്. ഏറ്റുമുട്ടലിനിടെ രണ്ടു സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.
കുൽനാർ ബാസിപോര ഏരിയയിൽ ഭീകരവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേന പരിശോധന നടത്തുകയായിരുന്നു. പിന്നാലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർത്തതോടെ സൈന്യവും തിരികെ വെടിവയ്ക്കുകയായിരുന്നു. ഇതിനിടെയാണ് ലഷ്കർ കമാൻഡറെ വധിച്ചത്.
വ്യാഴാഴ്ച ഉധംപുരിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ ആർമിയുടെ സ്‍പഷൽ ഫോഴ്സിൽ ഉൾപ്പെട്ട സൈനികൻ വീരമൃത്യു വരിച്ചിരുന്നു. ഹവിൽദാർ ജണ്ടു അലി ഷെയ്ഖ് ആണ് വീരമൃത്യു വരിച്ചത്. ഇതിനു പിന്നാലെയാണു വീണ്ടും ഏറ്റമുട്ടൽ നടന്നിരിക്കുന്നത്.