താപനില ഉയർന്നു. വേനലിൽ വാടാൻ തുടങ്ങി ഏലത്തോട്ടങ്ങൾ
വേനൽ തുടങ്ങിയതോടെ ഇടുക്കി ഹൈറേഞ്ചിലെ ഏലം കർഷകരും പ്രതിസന്ധിയിലായി. മുൻ വർഷങ്ങളിൽ ഏപ്രിൽ അവസാനമാണ് ഏലച്ചെടികൾ വ്യാപകമായി കരിഞ്ഞുണങ്ങിയിരുന്നത്.
എന്നാൽ വേനലിന്റെ തുടക്കത്തിൽ തന്നെ ചെടികൾ കരിഞ്ഞു തുടങ്ങിയത് കർഷകരെ ആശങ്കയിലാഴ്ത്തി.
കട്ടപ്പന, വണ്ടൻമേട്, മാലി, സ്വർണ്ണവിലാസം, മേപ്പാറ, ചേറ്റുകുഴി, ചക്കുപള്ളം ,അണക്കര, തൂക്കുപാലം,, രാമക്കൽമേട്, ഇരട്ടയാർ, വലിയ തോവാള, ഉപ്പു തറ എന്നീ മേഖലകളിലെല്ലാം ഏലചെടികൾ വ്യാപകമായി ഉണങ്ങി നശിക്കാൻ തുടങ്ങി.
ജലസേചന സൗകര്യമില്ലാത്ത ചെറുകിട തോട്ടമുടമകളാണ് കൂടുതൽ പ്രതിസന്ധിയിലാവുന്നത്. പലയിടത്തും ഏലത്തോട്ടങ്ങളിലെ കുളങ്ങളും ചെക്ക്ഡാമുകളും വറ്റിവരണ്ടു.
വേനലിൽ മണ്ണിന്റെയും അന്തരീക്ഷത്തിലെയും നനവ് കുറഞ്ഞതോടെ ഏലത്തോട്ടങ്ങളിൽ കീടബാധയും വർധിച്ചു. ഫ്യുസേറിയം ഫംഗസ് ബാധമൂലം ഏലച്ചെടികൾ വ്യാപകമായി ഉണങ്ങുന്നുണ്ട്.
പിന്നാലെ പല തോട്ടങ്ങളിലും മണ്ഡരി ബാധയും വ്യാപകമായി. മണ്ണിന്റെ നനവ് കുറഞ്ഞതോടെ വേരുകൾക്ക് നിമാവിരയുടെ ആക്രമണവും രൂക്ഷമായിട്ടുണ്ട്.
മൈക്കോറൈസ എന്ന മിശ്രകുമിൾ ജൈവ വളത്തിനൊപ്പം ഏലത്തോട്ടങ്ങളിൽ പ്രയോഗിക്കുന്നത് വേരിന്റെ വളർച്ച കൂട്ടി ചെടിയുടെ ഉണക്ക് കുറയ്ക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.
ഏലത്തിന് മികച്ച വില കിട്ടുന്ന സമയത്തുണ്ടായ ഉണക്ക് അടുത്ത സീസണിലെ വിളവെടുപ്പിനെയും ബാധിയ്ക്കും. ഏലച്ചെടികൾ ഇങ്ങിനെ കരിയാൻ തുടങ്ങിയാൽ 40 ശതമാനം വരെ നഷ്ടമുണ്ടാകുമെന്നാണ് കർഷകരും പറയുന്നത്.
ഉത്പാദനക്കുറവും ആവശ്യക്കാരേറിയതും മൂലം മികച്ച വിലയാണ് ഏലത്തിന് ലഭിയ്ക്കുന്നത്. വ്യാഴാഴ്ച്ച പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന ഇ-ലേലത്തിൽ 2016 രൂപ വില ലഭിച്ചിരുന്നു.
എന്നാൽ ഉത്പാദനം ഇടിഞ്ഞതോടെ ഇ-ലേലത്തിനെത്തുന്ന ഏലയ്ക്കായുടെ അളവിലും കുറവുണ്ടായിട്ടുണ്ട്. വേനൽ മഴ ഉടൻ ലഭിച്ചില്ലെങ്കിൽ ഏലയ്ക്കായ ഉത്പാദനം വീണ്ടും ഇടിയും.









