കുടിയേറ്റത്തിന്റ തോത് വർധിച്ചതോടെ വിസാ നിയമങ്ങൾ കർശനമാക്കിയ കാനഡ നിലവിൽ ഒരു പടികൂടി കടന്നതായി റിപ്പോർട്ട്. തൊഴിൽ തേടിപ്പോകുന്നവർ കനേഡിയൻ പൗരനാണോ എന്ന ചോദ്യവും വിവിധയിടങ്ങളിൽ നിന്നും കേട്ടു തുടങ്ങി. Canada to undeclared naturalization
അപ്രഖ്യാപിതമായ സ്വദേശി വത്കരണത്തിലേക്കാണ് കാനഡ കടക്കുന്നതെന്നാണ് സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നത്. ആരോഗ്യ മേഖലയിലും മറ്റു വിദഗ്ദ്ധ തൊഴിലാളികൾക്കും മാത്രമാണ് കാനഡയിൽ നിലവിൽ ബുദ്ധിമുട്ടില്ലാതെ അവസരങ്ങൾ ലഭിക്കുന്നത്.
കുടിയേറ്റക്കാർക്ക് മുന്നിൽ നിയന്ത്രണമില്ലാതെ വാതിൽ തുറന്നിടുന്നു എന്ന കാരണത്താൽ കനേഡിയൻ പൗരന്മാർക്കിടയിൽ നിലവിലുള്ള സർക്കാരിനെതിരെ എതിർപ്പ് ശക്തമാണ്. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സമയത്ത് തദ്ദേശീയരുടെ എതിർപ്പ് മറികടക്കാൻ സർക്കാർ കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയിരുന്നു.
കൃത്യമായ വീസ രേഖകൾ ഉള്ളവർ പോലും കാനഡയിലേക്ക് പോകാൻ ബുദ്ധിമുട്ടുന്ന അവസ്ഥയുണ്ടായി. സർക്കാർ വീസാ നിയമങ്ങളും തൊഴിൽ നിയമങ്ങളും കർശനമാക്കിയതോടെ ഉള്ളതെല്ലാം പണയപ്പെടുത്തി സ്റ്റുഡന്റ് വീസയിൽ കാനഡയിലേക്ക് പോയ ഇന്ത്യൻ വിദ്യാർഥികളാണ് പ്രതിസന്ധിയിലായത്.
പി.ആർ. ( സ്ഥിരതാമസത്തിനുള്ള അനുമതി) യും പിന്നാലെ പൗരത്വവും മികച്ച തൊഴിൽ സാഹചര്യവും ലഭിക്കും എന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ സ്റ്റുഡന്റ് വീസയിൽ കാനഡയ്ക്ക് കടന്നത്. ഇവരിൽ പലരും ഏജന്റുമാർ കബളിപ്പിച്ചതിനെ തുടർന്ന് തട്ടിക്കൂട്ട് കോളേജുകളിലേക്കും യൂണിവേഴ്‌സിറ്റികളിലുമാണ് എത്തിയത്.
ഇവിടങ്ങളിലെ കോഴ്‌സുകൾക്ക് യാതൊരു തൊഴിൽ സാധ്യതയുമില്ല. വൻ തുക മുടക്കി കാനഡയിലേക്ക് കടന്ന വിദ്യാർഥികൾ പി.ആർ. ലഭിക്കാത്ത അവസ്ഥയ വരുന്നതോടെ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. തിരികെ നാട്ടിൽ വന്നാലും ഇവരിൽ പലരും പഠിച്ച കോഴ്‌സുകൾക്ക് അംഗീകാരം ലഭിക്കാൻ സാധ്യത ഏറെക്കുറവാണ്.