കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ ദുരന്തം; ഇരുമ്പ് തൂൺ കുത്തിക്കയറി ആന ചരിഞ്ഞു
Peruvannamoozhi: കോഴിക്കോട്ടെ പെരുവണ്ണാമൂഴിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ ഒരു പിടിയാനയ്ക്ക് ദാരുണാന്ത്യം. ഇരുമ്പ് തൂൺ ശരീരത്തിൽ തുളഞ്ഞ് കയറിയതിനെ തുടർന്ന് ആന ചരിഞ്ഞു.
പയ്യാനിക്കോട്ട പ്രദേശത്ത് കാട്ടാനക്കൂട്ടം എത്തിയത് തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് ആനകളെ തുരത്താൻ ശ്രമിച്ചു. ഇതിനിടെ ഒരു ആന അക്രമാസക്തയായി ഉദ്യോഗസ്ഥർക്കു നേരെ പാഞ്ഞെത്തി. ഉദ്യോഗസ്ഥർ സമീപത്തെ വീട്ടിലേക്ക് കയറി രക്ഷപ്പെടുകയായിരുന്നു.
അക്രമാസക്തമായ ആന പിന്നീട് സമീപത്തെ ഒരു കാർ ഷെഡ് തകർത്തു. ഈ സമയത്ത് ഷെഡിലെ ഇരുമ്പ് തൂൺ ആനയുടെ നെഞ്ചിലേക്ക് കുത്തിക്കയറി. ഗുരുതരമായി പരിക്കേറ്റ ആന അവിടെ നിന്ന് തോട്ടത്തിലേക്ക് നീങ്ങി.
ഇന്ന് രാവിലെ തോട്ടത്തിൽ ആന ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക നിലനിൽക്കുന്നു.
English Summary
A wild elephant died in Peruvannamoozhi, Kozhikode, after being fatally injured by an iron rod while being chased away from a residential area.









