വിദേശത്ത് കുടിയേറാൻ യുവാക്കൾ നെട്ടോട്ടം ഓടുന്ന കാലത്ത് 20 ൽ അധികം വിദേശ രാജ്യങ്ങളിലെ കമ്പനികളുടെ ‘ ബിസിനസ് ബ്രാൻഡ് ഐഡന്റിറ്റി ഡെവലപ്പർ’ ആയി വീട്ടിലിരുന്ന് ജോലി ചെയ്ത് ശ്രദ്ധനേടുകയാണ് ഇടുക്കി കട്ടപ്പന സ്വദേശിയായ യുവാവ്. Branding of foreign companies; Idukki native earns lakhs from home
കട്ടപ്പന അമ്പലക്കവല കല്ലുങ്കൽകിഴക്കേതിൽ വീട്ടിൽ സാൽവിൻ മാത്യുവാണ് ഒട്ടേറെ വിദേശ കമ്പനികളുടെ ബ്രാൻഡ് ഐഡന്റിറ്റി ഡെവലപ്പർ ആയി മാസം മൂന്നു മുതൽ – 13 ലക്ഷം രൂപവരെ വരുമാനമുണ്ടാക്കുന്നത്. എട്ടു വർഷം മുൻപാണ് സാൽവിൻ ബ്രാൻഡിങ്ങ് എന്ന തൊഴിൽ രംഗത്തേയ്ക്ക് കടക്കുന്നത്.
ഗ്രാഫിക് ഡിസൈനറായി സ്വകാര്യ കമ്പനിയിൽ ഉൾപ്പെടെ ജോലി നോക്കിയിരുന്ന കാലത്താണ് സാൽവിന് ഡിസൈനിങ്ങ് രംഗത്ത് സ്വതന്ത്രമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഉദിക്കുന്നത്. കട്ടപ്പന നഗരത്തിലും പരിസരത്തുമുള്ള പ്രാദേശിക കമ്പനികളുടെ പേരും, ലോഗോയും, ബോർഡും , ആപ്ത വാക്യങ്ങളുമൊക്കെ ചെയ്താണ് തുടക്കം.
ഹെയർ കട്ടിങ്ങ് സലൂൺ ആണ് ആദ്യം ഡിസൈനിങ്ങും ബ്രാൻഡിങ്ങും ഏൽപ്പിച്ചത്. ‘തല’ എന്ന് സലൂണിന് പേരിട്ട് ‘ തലയിൽ കയറി മുടിവെട്ടാം’ ആപ്ത വാക്യവും ഒപ്പം ചേർത്തു. ഇത് ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ പ്രാദേശിക കമ്പനികൾ തേടിയെത്തി.
അന്താരാഷ്ട്ര തലത്തിലുള്ള ലോഗോ , ബോർഡ് , കവറുകൾ തുടങ്ങിയവ ഡിസൈൻ ചെയ്യുന്ന മത്സരങ്ങളിൽ പങ്കെടുത്തത് ജീവിതത്തിൽ വഴിത്തിരിവായി. മത്സരങ്ങളിൽ തുടർച്ചയായി വിജയങ്ങൾ നേടിയതോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളുടെ മാർക്കറ്റിങ്ങ് വിഭാഗങ്ങൾ തേടിയെത്തി.
യു.എസ്, കാനഡ, യു.എ.ഇ. , യൂറോപ്യൻ രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ കമ്പനികളുടെ വ്യസ്ത്യസ്ത ഉത്പന്നങ്ങൾക്കായി നിലവിൽ ജോലി ചെയ്യുന്നുണ്ട്. ജോലി ഭാരം വർധിച്ചതോടെ വിദേശത്തുള്ള കമ്പനിയിൽ ഓപ്പറേഷൻസ് മാനേജരായിരുന്ന ഭാര്യ മരിയ എബ്രഹാം ജോലി രാജിവെച്ച് സഹായിക്കാനായി ഒപ്പം കൂടി.
മുൻപ് കൊച്ചറയിൽ താമസിച്ചിരുന്ന സാൽവിൻ വിദേശ കമ്പനികൾ തേടിയെത്തിയതോടെ കട്ടപ്പന നഗരത്തിൽ സുന്ദരമായ പ്രദേശത്ത് സ്ഥലം വാങ്ങി തന്റെ സ്വപ്‌നഭവനം പൂർത്തിയാക്കാനായെന്ന് പറയുന്നു. വീടിനോട് ചേർന്ന് തന്നെ നവീന സാങ്കേതിക വിദ്യകൾ എല്ലാം കോർത്തിണക്കി ഓഫീസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.