രാത്രി ഷിഫ്റ്റിനിടെ ലൈറ്റ് അണയ്ക്കുന്നതിൽ തർക്കം;സഹപ്രവര്‍ത്തകനെ ഡംബല്‍ കൊണ്ട് തലയ്ക്കടിച്ച് യുവാവ് കൊലപ്പെടുത്തി
ബെംഗളൂരു:രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ യുവാവ് സഹപ്രവര്‍ത്തകനെ ഡംബല്‍ ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി.
ചിത്രദുര്‍ഗ സ്വദേശിയായ ഭീമേഷ് (41) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിജയവാഡ സ്വദേശിയായ സോമല വംശി (24)നെ പൊലീസ് അറസ്റ്റുചെയ്തു.
സ്വകാര്യ സ്ഥാപനമായ “ഡാറ്റാ ഡിജിറ്റൽ ബാങ്ക്” എന്ന കമ്പനിയുടെ ബെംഗളൂരു ഓഫിസിലാണ് സംഭവം നടന്നത്. വാടക കെട്ടിടത്തിലാണ് ഈ സ്ഥാപനത്തിന്റെ ഓഫിസ് പ്രവർത്തിച്ചിരുന്നത്. ഇരുവരും രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ഈ ക്രൂരസംഭവം അരങ്ങേറിയത്.
ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.തുടക്കത്തിൽ സൗമ്യമായ വാദപ്രതിവാദമായിരുന്നുവെങ്കിലും, കുറച്ചു സമയംകൊണ്ട് അത് കടുത്ത തർക്കത്തിലേക്ക് വഴിമാറി.
ഡംബൽ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപാതകം
തർക്കം നിയന്ത്രണാതീതമായപ്പോൾ സോമല വംശി സമീപത്തുണ്ടായിരുന്ന ഡംബൽ കൈയിൽ എടുത്ത് ഭീമേഷിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ ഭീമേഷ് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.
സംഭവത്തിന് പിന്നാലെ സോമല വംശി, ഓടി മറയാൻ ശ്രമിക്കാതെ നേരെ ഗോവിന്ദ്‌രാജ് നഗർ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതിയെ ചോദ്യം ചെയ്തതിലൂടെ, തർക്കം അപ്രതീക്ഷിതമായി നിയന്ത്രണം വിട്ടതാണെന്നും കൊലപാതകം ചെയ്യാനുള്ള മുൻവിചാരം ഉണ്ടായിരുന്നില്ലെന്നും പൊലീസിന് വിവരം ലഭിച്ചു.
കേസെടുത്തു; തെളിവുകൾ ശേഖരിച്ച് പൊലീസ്
ഒരുമിച്ചു ജോലി ചെയ്തുവരുന്ന ജീവനക്കാർക്കിടയിൽ സംഭവിച്ചത് തന്നെയാണ് വ്യാപകമായ ചർച്ചയാകുന്നത്. ഇത്ര നിർണായകമായി ഒരു ചെറിയ തർക്കം ക്രൂരഅക്രമത്തിൽ കലാശിച്ചതിൽ സമൂഹവും ഐ.ടി. മേഖലയും ഞെട്ടലിലാണ്. കമ്പനിയിൽ സുരക്ഷാ ജാഗ്രതയും മാനസിക സമ്മർധ നിയന്ത്രണ സംവിധാനങ്ങളും പുനഃപരിശോധിക്കേണ്ടതുണ്ടെന്ന അഭിപ്രായമാണും ഉയരുന്നത്.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിന് നിർണായകമാകുമെന്ന് പൊലീസ് അറിയിച്ചു.
English Summary
A 41-year-old employee, Bhimesh, was beaten to death with a dumbbell by his colleague Somala Vamsi (24) during a night shift in a Bengaluru office after a dispute over switching off the lights. The accused surrendered at the police station soon after the incident. Police have registered a case and initiated further investigation.









