ഇടുക്കി: ആദിവാസി വിഭാഗത്തിനു മഴക്കാല ഭക്ഷ്യസഹായ പദ്ധതി പ്രകാരം പട്ടികവർഗ വകുപ്പ് വിതരണം ചെയ്ത ഭക്ഷ്യ കിറ്റ് ഉപയോഗിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഗുണമേന്മയില്ലാത്ത സാധനങ്ങൾ ഉൾപ്പെട്ട 13 ഇന കിറ്റാണ് വിതരണം ചെയ്തിരുന്നത്. കിറ്റിലുൾപ്പെട്ട ഒരു കിലോഗ്രാം വെളിച്ചെണ്ണ 2018ൽ നിരോധിച്ച ബ്രാൻഡിന്റേതാണ്.(Banned coconut oil distributed in food kit)
ഇടുക്കി ജില്ലയിലെ പട്ടയക്കുടിയിൽ വിതരണം ചെയ്ത കിറ്റിലാണ് ഈ വെളിച്ചെണ്ണ ഉൾപ്പെട്ടിരിക്കുന്നത്. വെളിച്ചെണ്ണയുടെ കവറിൽ കമ്പനിയുടേതായി കൊടുത്തിട്ടുള്ള മൊബൈൽ നമ്പറിൽ 9 അക്കങ്ങളേയുള്ളൂ. നമ്പർ വ്യാജമാണെന്നും ഗുണമേന്മാപരിശോധന നടത്താതെയാണ് കിറ്റ് വിതരണം നടത്തിയതെന്നും ഉപഭോക്താക്കൾ ആരോപിച്ചു. കിറ്റുപയോഗിച്ച വെള്ളിയാമറ്റം പഞ്ചായത്തിലെ പൂച്ചപ്ര, ഉടുമ്പന്നൂർ പഞ്ചായത്തിലെ വെണ്ണിയാനി, വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടി എന്നിവിടങ്ങളിൽ ഉള്ളവർക്കാണു ശാരീരിക അസ്വസ്ഥതയുണ്ടായത്.
വെളിച്ചെണ്ണയിൽ നിന്നു ഭക്ഷ്യവിഷബാധയേറ്റതായാണ് സംശയം. ഇടുക്കി ജില്ലയിൽ നിന്ന് ആദിവാസി ഏകോപന സമിതിയും ഐടിഡിപിയും വെളിച്ചെണ്ണ പരിശോധനയ്ക്ക് അയച്ചു. കേരളത്തിലാകെ ഒരു ലക്ഷത്തോളം കിറ്റ് ചെയ്തെന്നാണു വിവരം.
Read Also: വടക്കൻ കേരളതീരം മുതൽ മഹാരാഷ്ട്ര വരെ ന്യൂനമർദപാത്തി; അഞ്ചുദിവസം വ്യാപക മഴയ്ക്കു സാധ്യത