ഇന്ത്യയെ ‘ഹൈ റിസ്ക്’ വിഭാഗത്തിലേക്ക് മാറ്റി ഓസ്ട്രേലിയ
അന്താരാഷ്ട്ര വിദ്യാർത്ഥി വിസാ നയത്തിൽ നിർണായക മാറ്റം വരുത്തി ഓസ്ട്രേലിയ ഇന്ത്യയെ ‘ഹൈ റിസ്ക്’ (ഉയർന്ന അപകടസാധ്യതയുള്ള) വിഭാഗത്തിലേക്ക് മാറ്റി.
അസസ്മെന്റ് ലെവൽ മൂന്ന് വിഭാഗത്തിലേക്കാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസാ അപേക്ഷകൾക്ക് കൂടുതൽ കർശനമായ രേഖാ പരിശോധനയും സൂക്ഷ്മ വിലയിരുത്തലും നേരിടേണ്ടിവരും.
ഓസ്ട്രേലിയയിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികളുടെ ആകെ എണ്ണം ഏകദേശം 6.5 ലക്ഷം ആണെങ്കിൽ, അതിൽ 1.4 ലക്ഷം പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്.
പുതിയ വിലയിരുത്തൽ മാനദണ്ഡങ്ങൾ പ്രകാരം, വിദ്യാർത്ഥികൾ അവരുടെ സാമ്പത്തിക ശേഷി, ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം, വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെ യാഥാർത്ഥ്യം എന്നിവ തെളിയിക്കുന്ന കൂടുതൽ വിശദമായ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കിയ ശേഷമായിരിക്കും വിസ അനുവദിക്കുക.
ഓസ്ട്രേലിയൻ ഇമിഗ്രേഷൻ വകുപ്പിന്റെ മുൻ ഡെപ്യൂട്ടി സെക്രട്ടറി അബുൽ റിസ്‌വി വ്യക്തമാക്കുന്നതനുസരിച്ച്, ഉയർന്ന റിസ്ക് ലെവലിലുള്ള രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകൾക്ക് അധിക രേഖകളും പരിശോധനയും നിർബന്ധമാണ്.
രേഖകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷം മാത്രമേ ഉദ്യോഗസ്ഥർ വിസ അനുവദിക്കുകയുള്ളൂ. 2026 ജനുവരി 8 മുതൽ ഈ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നു.
എന്നാൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം തേടുന്ന യഥാർത്ഥ വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയ തുടർന്നും സൗകര്യം ഒരുക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയ്‌ക്കൊപ്പം നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളും അസസ്മെന്റ് ലെവൽ മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്. പാകിസ്ഥാൻ ഇതിനകം തന്നെ ഈ പട്ടികയിൽ ഉൾപ്പെട്ട രാജ്യമാണ്.
ഇന്ത്യയെ ‘ഹൈ റിസ്ക്’ വിഭാഗത്തിലേക്ക് മാറ്റി ഓസ്ട്രേലിയ
ഓസ്ട്രേലിയ ടുഡേ റിപ്പോർട്ട് ചെയ്തതനുസരിച്ച്, അമേരിക്ക, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനായി ഏറ്റവും അനുയോജ്യമായ രാജ്യം ഇപ്പോഴും ഓസ്ട്രേലിയയാണെന്ന് അന്താരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ജൂലിയൻ ഹിൽ പറഞ്ഞു.
ഇന്ത്യയിൽ അടുത്തിടെ പുറത്തുവന്ന വലിയ വ്യാജ ബിരുദ വിവാദമാണ് ഈ കാറ്റഗറി മാറ്റത്തിന് പ്രധാന കാരണമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
കേരള പൊലീസ് കണ്ടെത്തിയ വൻ വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റ് ഈ വിഷയത്തെ കൂടുതൽ ഗൗരവത്തിലേക്ക് നയിച്ചു. അന്താരാഷ്ട്ര സർവകലാശാലകളിലേക്ക് 10 ലക്ഷത്തിലധികം ആളുകൾക്ക് വ്യാജ രേഖകൾ വിതരണം ചെയ്തുവെന്നാണ് കണ്ടെത്തൽ.
ഓസ്ട്രേലിയൻ സെനറ്റർ മാൽക്കം റോബർട്ട്സ്, തട്ടിപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിൽ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു.
ഇന്ത്യയിൽ നിന്നുള്ള 22 സർവകലാശാലകളിൽ നിന്ന് 100,000 വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തതായും, അവയിൽ വലിയൊരു വിഭാഗം വിദേശ തൊഴിൽ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായും അദ്ദേഹം ആരോപിച്ചു.









