കൊച്ചി: കമ്പനി ഉദ്യോഗസ്ഥൻ ചമഞ്ഞ് 1.78 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ. ഇടുക്കി ഉടുമ്പഞ്ചോല മുണ്ടക്കൽ വീട്ടിൽ എം.എ. മാത്യൂ (50)വിനെ ആണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.
കൊട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡ് കമ്പനിയുടെ പാലാരിവട്ടം ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായി ചമഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
കമ്പനിയിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ 56 ഇടപാടുകാരെ സമീപിച്ച് അവരിൽ നിന്ന് വാഹനം വാങ്ങി കമ്പനിയുടെ വ്യാജ എൻ.ഒ.സി നിർമിച്ച് ഒറിജിനൽ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹനം മറിച്ചുവിറ്റ് കമ്പനിക്ക് 1.78 കോടിയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.
പല സ്ഥലങ്ങളിലും മാറിമാറി ഒളിവിൽ കഴിഞ്ഞ പ്രതിയെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വൈറ്റില ഹബിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്.
എറണാകുളം അസി. കമീഷണർ പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ കൊച്ചി മെട്രോ പൊലീസ് ഇൻസ്പെക്ടർ എസ്. രാജേഷ്, എസ്.ഐമാരായ ജയകുമാർ, ജോസി, എ.എസ്.ഐ അനിൽകുമാർ എസ്.സി.പി.ഒമാരായ സന്ദീപ് കുമാർ, മഹേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.