മൂന്നാറിലെ തിരക്കിൽ നിന്നും രക്ഷപെടാൻ ഇടുക്കിയിൽ മറ്റൊരു സ്ഥലം
ക്രിസ്മസ് പുതുവർഷ അവധിക്കാലം ആഘോഷമാക്കാൻ എത്തുന്ന സഞ്ചാരികളുടെ വലിയ തിരക്കാണ് ഇടുക്കി മൂന്നാറിന്റെ വിവിധ പ്രദേശങ്ങളിൽ.
മൂന്നാർ കാണാൻ പോയ പലരും മൂന്നൂം നാലും മണിക്കൂർ ബ്ലോക്കിൽ കുരുങ്ങി ദുരിതം അനുഭവിച്ച കഥകളും പറയുന്നു. വൺഡേ ട്രിപ്പിന് പോയവരാകട്ടെ വാഹനത്തിൽ നിന്ന് ഇറങ്ങാതെ തിരികെപ്പോകേണ്ടിയും വന്നു.
എന്നാൽ മൂന്നാർ പോകാതെ തന്നെ തണുപ്പ് ആസ്വദിച്ച് ട്രിപ്പ് പോകാൻ പറ്റിയ ഇടുക്കിയുടെ മറുവശം ആരും അത്ര ശ്രദ്ധിക്കാറില്ല.
കുളമാവ് മുതൽ തമിഴ്‌നാട് വരെ നീണ്ടു കിടക്കുന്ന പ്രദേശങ്ങളിലാണ് വലിയ തിരക്കില്ലാതെ സഞ്ചരിക്കാനാകുക. മൂന്നാറിൽ നിന്നും വ്യസ്ത്യസ്തമായി വീതിയേറിയ റോഡുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളും യാത്ര കൂടുതൽ സുഗമമാക്കും.
ചെറുതോണിയിലെത്തിയാൽ ഇടുക്കി ഡാം ഹിൽവ്യൂ പാർക്ക് എന്നിവ ആസ്വദിക്കാം സാഹസിക വിനോദ സഞ്ചാരത്തിലും ഒരു കൈനോക്കാം.
അവിടെ നിന്നും കാൽവരിമൗണ്ട്, കല്യാണത്തണ്ട്, രാമക്കൽമേട്, കാറ്റാടിപ്പാടം, എന്നിങ്ങനെ നീണ്ടു കിടക്കുന്നു ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ.
അടുത്തുള്ള പീരുമേട് താലൂക്കിലും ഏറെ കാണാനുണ്ട് പരുന്തുംപാറ, ചാർലിക്കുളം, മദാമ്മക്കുളം, കുട്ടിക്കാനം എന്നിവിടങ്ങളിലാണ് സഞ്ചാരികൾ എത്തുക.
നിരനിരയായുള്ള മൊട്ടക്കുന്നുകളും അഗാധമായ കൊക്കയും കോടമഞ്ഞും ശരീരം തുളച്ചു കയറുന്ന തണുപ്പും കാറ്റും ടാഗോർ ഹെഡ്ഡുമടക്കം പ്രകൃതി തീർത്ത വിസ്മയങ്ങൾ ആസ്വദിക്കാനാണ് സന്താരികൾ കൂട്ടമായി എത്തുന്നത്.
മൂന്നാറിനൊപ്പം പീരുമേട്ടിലെ തണുപ്പിന്റെ കാഠിന്യം കൂടിയിരുന്നു. പ്രകൃതി ആസ്വദിക്കാൻ എത്തുന്നവർ നേരിടുന്ന പ്രധാന പ്രശ്‌നം അടിസ്ഥാന സൗകര്യങ്ങളാണ്.
പരുന്തുംപാറയിൽ അടക്കം വലിയ ബസുകൾ നിർത്തിയിടുന്നതിന് പ്രത്യേക സ്ഥലമൊരുക്കിയിട്ടുണ്ട്. പ്രധാന ഇടാത്തവളങ്ങളായ പീരുമേട്, കുട്ടിക്കാനം, പാമ്പനാർ എന്നിവിടങ്ങളിൽ ശൗചാലയ സൗകര്യമുണ്ട്.
ഇവിടെ നിന്നും അതിർത്തി പട്ടണമായ പെരിയാർ വന്യജീവി സങ്കേതത്തിലെത്തിയാൽ മുല്ലപ്പെരിയാർ ഡാമിലൂടെ ഒരു ബോട്ടിങും നടത്താം. തമിഴ്‌നാട്ടിലെ കമ്പം തേനി പ്രദേശങ്ങളിലേക്കും ഇവിടെനിന്നും വേഗത്തിൽ കടക്കാനാകും.
പച്ചപ്പ് നിറഞ്ഞ സമതല പ്രദേശങ്ങളും കൃഷിയിടങ്ങളുമാണ് ഇവിടങ്ങളിലെ പ്രധാന ആകർഷണം. തിരക്കില്ലാത്ത വിശാലമായ പാതകളും തെങ്ങിൻ തോപ്പുകളും, മുന്തിരിത്തോട്ടങ്ങളും സഞ്ചാരികളെ ആകർഷിക്കുന്നു.









