തൃശൂർ: ചാലക്കുടി ചിറങ്ങരയിലെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളർത്തുനായയെ അജ്ഞാത ജീവി പിടികൂടി. ഇത് എന്തു ജീവിയാണെന്ന് സ്ഥിരീകരിക്കാനാകാതെ വലഞ്ഞിരിക്കുകയാണ് വനം വകുപ്പ്. ചിറങ്ങര പണ്ടാര വീട്ടിൽ ധനീഷിന്റെ പോമറേനിയൻ ഇനത്തിൽപ്പെട്ട വളർത്തു നായയെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.20ഓടെയാണ് അജ്ഞാത ജീവി പിടികൂടിയത്.
നായയ്ക്ക് ഭക്ഷണം നൽകുന്നതിനായി എത്തിയപ്പോൾ കാണാതായതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലിയുടെ സാദൃശ്യമുള്ള ഒരു അജ്ഞാത ജീവി നായയെ പിടിച്ചുകൊണ്ടുപോകുന്ന കാഴ്ച്ച കണ്ടത്.
വളർത്തുനായയെ പിടികൂടിയത് പുലിയാണെന്ന വാർത്തകൾ ഇതിനോടകം തന്നെ പ്രദേശത്ത് പരന്നിരുന്നു. അതിനാൽ തന്നെ കടുത്ത ഭീതിയിലാണ് നാട്ടുകാർ ഓരോ ദിവസവും തള്ളിനീക്കുന്നത്. എന്നാൽ സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും അജ്ഞാത ജീവിയെ സ്ഥിരീകരിക്കാൻ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചിട്ടില്ല എന്നതാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകുന്ന മറുപടി.
സംഭവസ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി കാല്‍പ്പാടുകളുടെ ദൃശ്യം പകർത്തി സ്ഥിരീകരണത്തിനായി ബന്ധപ്പെട്ടവർക്ക് നൽകിയിരുന്നു. എന്നിട്ടും വിഷയത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഈ പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. അജ്ഞാത ജീവിയുടെ സാന്നിധ്യം കണ്ട സാഹചര്യത്തിൽ പ്രദേശ വാസികൾക്ക് വനം വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
രാത്രികാല സഞ്ചാരം പൂർണ്ണമായും ഒഴിവാക്കണമെന്നും, പത്രം, പാൽ എന്നിവയുടെ വിതരണക്കാർ കുറച്ച് ദിവസത്തേക്ക് ജാഗ്രത പാലിക്കണമെന്നും ഉൾപ്പടെയുള്ള നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. സംഭവം നടന്ന പ്രദേശത്തെ കാടുകൾ വെട്ടി തെളിക്കുന്നതുൾപ്പടെയുള്ള പ്രവർത്തികൾ പഞ്ചായത്തിൻറെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ ആശങ്ക ഒഴിവാക്കാനും, വിഷയത്തിൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നതിനുമായി പഞ്ചായത്തിൻറെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം ചേരും.