കൊച്ചി: തിമിംഗല ഛര്ദി (ആംബർഗ്രിസ്) പിടികൂടിയ സംഭവത്തിൽ ലക്ഷദ്വീപ് എംപിയുടെ ബന്ധു പിടിയിൽ. കോൺഗ്രസ് എംപി മുഹമ്മദ് ഹംദുള്ള സയീദിന്റെ അടുത്ത ബന്ധുവായ മുഹമ്മദ് ഇഷാഖ് (31) ആണ് പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് വെള്ളിയാഴ്ചയാണ് ഇയാളെ പിടികൂടിയത്.(ambergris found case; relative of Lakshadweep MP arrested)
കേസിൽ ലക്ഷദ്വീപ് പൊലീസുകാരായ മുഹമ്മദ് നൗഷാദ് ഖാൻ, ബി.എം ജാഫർ എന്നിവരും പിടിയിലായിരുന്നു. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ നിന്നാണ് തിമിംഗല ഛർദി പിടികൂടിയത്. മുഹമ്മദ് ഇഷാഖ് ഒരാളെ ഏൽപ്പിക്കാൻ ആണെന്ന് പറഞ്ഞ് ഒരു കവർ നൽകിയിരുന്നെന്നും ഇതിൽ തിമിംഗല ഛർദിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. വെള്ളിയാഴ്ച പാക്കറ്റ് വാങ്ങാൻ ഒരാൾ വരുമെന്നും അയാൾക്ക് കൈമാറണമെന്നും മാത്രമാണ് ഇഷാഖ് നിർദേശം നൽകിയിരുന്നതെന്നും ഇവർ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു.
ലക്ഷദ്വീപ് തീരത്തു നിന്നാണ് തിമിംഗല ഛർദി ലഭിച്ചതെന്നും എറണാകുളത്തുള്ള വ്യക്തിക്ക് വിൽക്കാൻ കൊണ്ടുവന്നതാണെന്നും ചോദ്യം ചെയ്യലിൽ ഇഷാഖ് സമ്മതിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഉന്നർ ഉൾപ്പെടെ നിരവധി പേർ സംഘത്തിലുള്ളതായി പൊലീസ് സംശയിക്കുന്നു. അറേബ്യൻ സുഗന്ധ നിർമ്മാണത്തിലെ അമൂല്യമായ അസംസ്കൃത വസ്തുവാണ് ആംബർഗ്രിസ്. സുഗന്ധം ദീർഘനേരം നിലനിൽക്കാനാണ് ഇത് ഉപയോഗിക്കുന്നത്. വംശനാശം നേരിടുന്ന എണ്ണ തിമിംഗല (സ്പേം വെയ്‌ൽ) ത്തിൽ നിന്നാണ് ഇത് ലഭിക്കുക.
Read Also: ഇന്നും മഴ; ഇനി കുറച്ചു ദിവസത്തേക്ക് എന്നും മഴ; മുന്നറിയിപ്പ് ഇങ്ങനെ
Read Also: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ വരവോടെ ജോലി നഷ്‌ടപ്പെടുന്നവർക്ക് സഹായമായി ‘റോബോട്ട് ടാക്സ്’ വരുന്നു