വിവാഹത്തിനെത്തി കാമുകനെ ചുംബിക്കാനൊരുങ്ങി യുവതി; വധുവിന്റെ മാസ്സ് ആക്ഷൻ
മുൻ കാമുകന്റെ വിവാഹ ചടങ്ങിനിടെ അപ്രതീക്ഷിത സംഘർഷം. വരനെ ചുംബിക്കാൻ ശ്രമിച്ച യുവതിയെ വധു മുടിക്ക് പിടിച്ച് നിലത്തേക്ക് വലിച്ചിടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഇന്തൊനീഷ്യയിൽ നടന്ന വിവാഹത്തിന്റെ ഭാഗമായ ഫോട്ടോഷൂട്ടിനിടെയാണ് സംഭവം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ നിമിഷങ്ങൾക്കകം തന്നെ വൈറലായി, വലിയ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും ഇടയാക്കി.
പൂക്കൾ കൊണ്ട് മനോഹരമായി അലങ്കരിച്ച വിവാഹ വേദിയിൽ, ഇന്തൊനീഷ്യൻ പരമ്പരാഗത വിവാഹ വസ്ത്രം ധരിച്ച വധൂവരന്മാരെ കാണിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
ഫോട്ടോ എടുക്കുന്നതിനിടെ വരന്റെ വശത്തേക്ക് ഒരു യുവതി എത്തുകയും വധൂവരന്മാരോടൊപ്പം പോസ് ചെയ്യുകയും ചെയ്യുന്നു.
ഫോട്ടോ എടുത്തതിന് ശേഷം യുവതി വരന് കൈ കൊടുക്കുകയും പിന്നീട് കൈയിൽ ചുംബിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.
വിവാഹത്തിനെത്തി കാമുകനെ ചുംബിക്കാനൊരുങ്ങി യുവതി; വധുവിന്റെ മാസ്സ് ആക്ഷൻ
ഈ നിമിഷത്തിലാണ് വധുവിന്റെ ശക്തമായ പ്രതികരണം ഉണ്ടായത്.
യുവതി വരന്റെ കൈയിൽ ചുംബിക്കാൻ ശ്രമിക്കുന്നതോടെ വധു ഉടൻ തന്നെ യുവതിയുടെ മുടിക്കുത്തിൽ പിടിച്ച് അവളെ നിലത്തേക്ക് വലിച്ചിടുന്നതാണ് വീഡിയോയിൽ വ്യക്തമായി കാണുന്നത്.
വേദിയിലുണ്ടായിരുന്നവർ അപ്രതീക്ഷിത സംഭവത്തിൽ ഞെട്ടിയതും വീഡിയോയിൽ വ്യക്തമാണ്. ഇന്തൊനീഷ്യൻ സംസ്കാരത്തിൽ കൈയിൽ ചുംബിക്കുന്നത് ഒരു പരമ്പരാഗത അഭിവാദ്യ രീതിയായി കണക്കാക്കപ്പെടുന്നു.
സാധാരണയായി മുതിർന്നവരോടോ, വളരെ അടുത്ത ബന്ധമുള്ളവരോടോ, അല്ലെങ്കിൽ ഭാര്യ-ഭർത്താക്കന്മാർ തമ്മിലോ ഇത്തരം ചുംബനം പതിവാണ്.
എന്നാൽ വരന്റെ മുൻ കാമുകിയാണെന്ന് പറയപ്പെടുന്ന യുവതി വിവാഹ ചടങ്ങിനിടെ ഈ രീതിയിൽ പെരുമാറിയത് വധുവിനെ ചൊടിപ്പിച്ചുവെന്നാണ് പൊതുവായ വിലയിരുത്തൽ.
വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ ഉപയോക്താക്കളിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വധുവിന്റെ പ്രതികരണം ന്യായീകരിക്കുന്നവരും പിന്തുണയ്ക്കുന്നവരുമാണ് കൂടുതലായി കമന്റ് ചെയ്യുന്നത്.
വിവാഹ വേദിയിൽ ഇത്തരം ഒരു നീക്കം അംഗീകരിക്കാനാവില്ലെന്നാണ് അവരുടെ നിലപാട്. കൂടാതെ, സംഭവത്തിൽ വരന്റെ പങ്കും നിലപാടും പരിശോധിക്കണമെന്ന ആവശ്യവും ചിലർ ഉന്നയിച്ചു.
അതേസമയം, വധുവിന് അൽപം സംയമനം പുലർത്താമായിരുന്നുവെന്നും കാര്യങ്ങൾ കൈവിട്ട് പോകാതിരിക്കാൻ മറ്റ് മാർഗങ്ങൾ സ്വീകരിക്കാമായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു.
മുൻ കാമുകിയെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്തിനാണെന്നും, സംഭവസമയത്ത് വരൻ എന്തുകൊണ്ട് ഇടപെട്ടില്ലെന്നുമുള്ള ചോദ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.









