ശില്പ കൃഷ്ണ
സ്വർണവള ഊരിയെടുക്കാൻ പ്രയാസമായതിനാൽ കൈ വെട്ടിമാറ്റി വളയെടുത്തു. ഏഴുപേരെ നിഷ്‌കരണം കൊന്നുതള്ളി . മരണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടവർ നിരവധി. സ്വർണത്തിനും പണത്തിനും വേണ്ടി എന്തും ചെയ്യും.. അയാൾക്ക് കൊലപാതകങ്ങൾ ഒരു വിനോദമായിരുന്നു .റിപ്പർ ജയാനന്ദൻ എന്ന ക്രൂരനായ കൊലപാതകി .എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള ജയാനന്ദൻ സിനിമകളിലെ അക്രമരംഗങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പല മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയത്. . അയാളുടെ ഏഴാമത്തെ കൊലപാതകത്തിന് ശേഷമാണ് പ്രതിയുടെ പേരുപോലും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഒരു തെളിവും അവശേഷിപ്പിക്കാതെയുള്ള കൊലപാതകങ്ങൾക്കു മുന്നിൽ സിബിഐക്ക് പോലും മുട്ടുമടക്കേണ്ടിവന്നു.കേസിൽ പൊലീസ് തന്നിലേക്ക് എത്താതിരുന്നത് ജയാനന്ദന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. ഒരിക്കലും താൻ പിടിക്കപ്പെടില്ലെന്നും അയാൾ കരുതി.
വിരലടയാളം പതിയാതിരിക്കാൻ കൈയ്യിൽ സോക്സ് ധരിച്ചാണ് കൃത്യം നടത്തിയിരുന്നത്.
ജയാനന്ദന്റെ ക്രൂര കൊലപാതകങ്ങൾ
2005 ഓഗസ്റ്റ് ഒന്നിന് രാത്രി എറണാംകുളം നഗരത്തിലെ ബിവറേജസ് ഔട്ട്ലെറ്റിനോട് ചേർന്ന് ഒരാൾ രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് പോലീസ് കണ്ടത് . അയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സംഭവസ്ഥലത്താകെ പരിശോധന നടത്തി. മരിച്ചത് ബിവറേജസ് ഔട്ട്ലെറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ സുഭാഷാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. മദ്യവിൽപനശാലയുടെ പിന്നിലെ മതിൽ ആരോ കുത്തിത്തുരന്നിട്ടുണ്ട്. ഒരു മോഷണ ശ്രമം നടന്നിരിക്കാം. അന്ന് ബിവ്റേജസ് ഔട്ട്ലെറ്റ് അവധിയായിരുന്നു. അതിനാൽ വലിയൊരു തുക ഷോപ്പിലുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതിറിഞ്ഞായിരിക്കാം അവരെത്തിയത്. മതിൽ കുത്തിതുരക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന സുഭാഷ് കണ്ടിട്ടുണ്ടാകാം. അയാൾ അത് തടയാൻ ശ്രമിച്ചതിനിടയിലാകാം കൊലപാതകമെന്നുള്ള നിഗമനത്തിൽ പൊലീസ് എത്തി.സംഭവസ്ഥലത്ത് നിന്നും പ്രതികളിലേക്കെത്താവുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചില്ല. പ്രതിയെ തിരിച്ചറിയാൻ സാക്ഷികളുമില്ല. സംഭവശേഷം നഗരത്തിലാകെ പൊലീസ് പരിശോധന നടത്തി. സംശയകരമായി ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനായില്ല. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ സമരങ്ങൾ ആരംഭിച്ചു. അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നാൽ, അവർക്കും കൊലപാതകിയെ കണ്ടെത്താനായില്ല.
2006 ഒക്ടോബർ മൂന്നിന് നെടുമ്പിള്ളി രാമകൃഷ്ണന്റെ ഭാര്യ ബേബിയെ കിടപ്പു മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിൽ ഭാര്യ ബേബിയുടെ മൃതദേഹത്തിന് അരികെ അബോധാവസ്ഥയിൽ രാമകൃഷ്ണനെയും കണ്ടെത്തി. രാമകൃഷ്ണനെ അക്രമികൾ ഗുരുതരമായി പരിക്കേൽപ്പിച്ചിരിന്നു. ബേബിയുടെ കൈയ്യും വെട്ടിയെടുത്തിട്ടുണ്ട്. പൊലീസെത്തി പരിശോധിച്ചപ്പോൾ മസിലായത് വീട്ടിൽ കവർച്ച നടന്നിട്ടുണ്ട്. പണവും ആഭരണങ്ങളുമെല്ലാം കവർന്നിരുന്നു. തെളിവുകൾ നശിപ്പിക്കാൻ മുറിയിൽ മണ്ണെണ്ണ ഒഴിച്ചു, പാചക വാതക സിലിണ്ടർ തുറന്നിട്ടു.
പ്രതിയെക്കുറിച്ച് എത്തുപിടിയും പൊലീസിന് ലഭിച്ചില്ല. ഇതരസംസ്ഥാന മോഷണ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലായിരുന്നു പൊലീസ് എത്തിയത്. അപ്പോഴും പറവൂർ സുഭാഷ് കൊലക്കേസിൽ അന്വേഷണം തുടരുന്നുണ്ടായിരുന്നു. പുത്തൻവേലിക്കര ബേബിയെ കൊന്നകേസിൽ പ്രതിയെന്ന് സംശയിച്ച് കൊടും ക്രിമിനലായ ഒളാട്ടുപുറത്ത് ഷിബുവിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. അന്വേഷിച്ചപ്പോൾ കേസിൽ ഇയാൾക്ക് പങ്കില്ലെന്ന് തെളിഞ്ഞു. പക്ഷെ ക്രിമിനൽ സ്വഭാവമുള്ള നിരവധിയാളുകളെക്കുറിച്ച് ഇയാളിൽ നിന്നും പൊലീസിന് വിവരം ലഭിച്ചു. മാളക്ക് സമീപം കൃഷ്ണൻകോട്ടയിൽ വിവിധ കേസുകളിൽപ്പെട്ട പ്രതിയായ തമ്പിയെ കുറിച്ച് അറിയുന്നത് അങ്ങനെയാണ്.
ഒടുവിൽ പിടിയിൽ
തമ്പിയിൽ നിന്ന് ജയാനന്ദനെക്കുറിച്ച് പൊലീസ് കൂടുതൽ അറിയുന്നത്. പൊലീസ് ജയാനന്ദനെ രഹസ്യമായി നിരീക്ഷിച്ചുതുടങ്ങി. പകൽസമയം കൂടുതലും ജയാനന്ദൻ വീട്ടിൽ തന്നെയുണ്ടാകും. ഇത് പൊലീസിന്റെ സംശയം വർധിപ്പിച്ചു. ഇയാളെ ചോദ്യംചെയ്യാൻ തന്നെ പൊലീസ് തീരുമാനിച്ചു. ജയാനന്ദനെ അറസ്റ്റ് ചെയ്തു. ആദ്യം ഒന്നും പറയാൻ തയ്യാറായില്ലെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തി . ജയാനന്ദന്റെ ആറാമത്തെ കൊലപാതമായിരുന്നു ബിവറേജസ് ജീവനക്കാരനായ സുഭാഷിന്റേത്. ബിവറേജസ് കോർപറേഷന്റെ ചില്ലറ മദ്യവിൽപനശാലയിലെ വിറ്റുവരവ് ലക്ഷങ്ങളാണെന്ന് അറിഞ്ഞയായിരുന്നു മോഷണം . മോഷണ ശ്രമത്തിനിടെയാണ് സുഭാഷിനെ കൊന്നതെന്നും ജയാനന്ദൻ തുറന്നു പറഞ്ഞു. ഏഴാമത്തെ കൊലപാതകം പുത്തൻവേലിക്കരയിൽ ആയിരുന്നു. രാമകൃഷ്ണനെ തലക്ക് കമ്പിക്ക് അടിച്ചുവീഴ്ത്തിയ ശേഷം ഉറങ്ങുകയായിരുന്ന ബേബിയെ തലക്കടിച്ചു കൊല്ലുകയായിരുന്നെന്നും, സ്വർണവള ഊരിയെടുക്കാൻ പ്രയാസമായതിനാലാണ് കൈ വെട്ടിമാറ്റി വളയെടുത്തതെന്നും പ്രതി ഏറ്റുപറഞ്ഞു.മണ്ണെണ്ണ സ്പ്രേ ചെയ്തും ഗ്യാസ് തുറന്നുവിട്ടും തെളിവ് നശിപ്പിക്കുന്ന രീതിയും സിനിമയിൽ നിന്നാണ് പഠിച്ചതെന്ന് ജയാനന്ദൻ പൊലീസിനോട് പറഞ്ഞു.ആദ്യം വധശിക്ഷക്ക് വിധിച്ച ജയാനന്ദനെ പിന്നീട് ജീവിതാവസാനം വരെ ജയിൽശിക്ഷക്ക് വിധിച്ചു. ജയിലിലും അടങ്ങിയിരുന്നില്ല ജയാനന്ദൻ. രണ്ടുതവണ ജയിൽ ചാടി . ജയാനന്ദൻ ജയിൽചാടുന്നതും പിന്നീടിയാളെ പൊലീസ് പിടികൂടുന്നതും സിനിമയെ വെല്ലുന്ന കഥയാണ്.
Read Also : ഇന്ത്യയെ വിറപ്പിച്ച വനിത സീരിയല്‍ കില്ലറിന്റെ കഥ : സയനൈഡ് മല്ലിക