കോട്ടയം: ലഹരി തലക്കുപിടിച്ച യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു. പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ജിതിനെന്ന യുവാവാണ് പരാക്രമം നടത്തിയത്. റോഡിൽ നിന്നിരുന്ന കല്ലേലിൽ കെ ജെ ജോൺസൺ എന്നയാളെയാണ് ഇയാൾ കിണറ്റിലേക്ക് തള്ളിയിട്ടത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. യാതൊരു പ്രകോപനവും കൂടാതെയാണ് പ്രതി പരാക്രമം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കിണറ്റിൽ വീണ ജോൺസണെ ഫയർഫോഴ്സ് സംഘമെത്തിയാണ് കരയ്‌ക്കെത്തിച്ചത്. ഇയാളുടെ ആരോഗ്യ നിലയിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ല.
റോഡരികിൽ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചു നിൽക്കുന്നതിനിടെയാണ് ജോൺസനെ ജിതിൻ തള്ളിയിട്ടത്.
വിവരമറിഞ്ഞ് ആളുകളെത്തിയപ്പോഴേക്കും ജിതിൻ ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് ഇയാൾക്ക് വേണ്ടി അന്വേഷണം തുടങ്ങി. ഇയാൾ നിരവധി ലഹരിക്കേസുകളിൽ പ്രതിയാണ്. കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കളുമായി ഇയാളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഇന്ന് രാവിലെ ജോൺസന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്”