തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ ബുധനാഴ്ച ഖാദി വസ്ത്രം ധരിക്കണമെന്ന് മന്ത്രി പി. രാജീവ്. സർക്കാർ ഡോക്ടർമാർ, നഴ്സുമാർ എന്നിവരുടെ ഓവർകോട്ട് ഖാദിയാക്കണമെന്ന് ആരോഗ്യമന്ത്രിയും അഭ്യർത്ഥിച്ചിട്ടുണ്ട്.
ജനപ്രതിനിധികളും ബുധനാഴ്ച ദിവസം ഖാദി ധരിക്കണമെന്നും രാജീവ് നിയമസഭയിൽ പറഞ്ഞു. ഏത് വസ്ത്രം ധരിക്കണമെന്ന് സർക്കാരിന് നിർബന്ധിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഖാദിയുടെ ജി.എസ്.ടി ഒഴിവാക്കാൻ കേന്ദ്രത്തിന് കത്ത് നൽകുകയും ചെയ്തു. 1000രൂപയ്ക്ക് താഴെയുള്ള ഉത്പന്നങ്ങൾക്ക് 5 ശതമാനവും, അതിനു മുകളിൽ 12 ശതമാനവുമാണ് നിലവിൽ ജി.എസ്.ടി. ഇത് മുൻകാല പ്രാബല്യത്തോടെ പിൻവലിക്കണമെന്നാണ് മന്ത്രി നൽകിയ കത്തിലുള്ളത്.
ദുബായ്, അബുദാബി എന്നിവിടങ്ങളിലെ മേളകളിൽ ഖാദി ഉത്പന്നങ്ങൾ വിൽപ്പന നടത്തി. ജർമ്മിനിയിലും വില്പനയ്ക്ക് സംവിധാനമൊരുക്കി. ഖാദി നൂൽ, നെയ്ത്തുപകരണങ്ങൾ എന്നിവയുടെ നവീകരണത്തിന് മദ്രാസ് ഐ.ഐ.ടിയുമായി ധാരണാപത്രം ഒപ്പിട്ടെന്നും കെ.പി. മോഹനന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി രാജീവ് പറഞ്ഞു.
ഒന്നാം പിണറായി സർക്കാരിനെ പിടിച്ചുകുലുക്കിയ പദ്ധതി പുനരാരംഭിക്കുമോ?
തൃശൂർ: ഒന്നാം പിണറായി സർക്കാരിന്റെ അവസാന നാളുകളിൽ വിവാദമായ തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്‌ളാറ്റ് സമുച്ചയം നിർമാണം പുനരാരംഭിക്കണമെന്ന് ആവശ്യം ശക്തമാകുന്നു.
ലൈഫ് മിഷന്റെ ഭാഗമായി സ്വന്തമായി വീടും ഭൂമിയുമില്ലാത്ത 140 കുടുംബങ്ങൾക്കായി വടക്കാഞ്ചേരി നഗരസഭയിലെ ചരൽപറമ്പിലാണ് ഫ്ലാറ്റ് നിർമാണം തുടങ്ങിയത്.
ഫ്‌ളാറ്റ് സമുച്ചയത്തിന്റെയും ആശുപത്രിയുടെയും നിർമാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു.
നിയമവശങ്ങൾ പരിശോധിച്ച ശേഷം നിർമാണം എത്രയും വേഗം പുനരാരംഭിക്കുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും നടപടികൾ സ്വീകരിച്ച് വരുന്നതായി മന്ത്രി എം.ബി. രാജേഷ് സബ്മിഷന് മറുപടിയായി നിയമസഭയെ അറിയിച്ചു.
തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി വില്ലേജിൽപ്പെട്ട 1.3 ഹെക്ടർ റവന്യൂ ഭൂമി, ഉടമസ്ഥാവകാശവും നിയന്ത്രണവും റവന്യൂ വകുപ്പിൽ തന്നെ നിലനിർത്തിക്കൊണ്ട് വടക്കാഞ്ചേരി നഗരസഭയ്ക്ക് കൈമാറുകയായിരുന്നു.
പ്രസ്തുത ഭൂമിയിൽ 140 വീടുകളും ആശുപത്രി കെട്ടിടവും ചേർന്ന സമുച്ചയം നിർമിച്ച് ലൈഫ് മിഷന് കൈമാറുന്നതിനായി യു.എ.ഇ.റെഡ് ക്രസന്റുമായി ധാരണയിൽ എത്തുകയും ചെയ്തിരുന്നു.
പ്രളയ പുനർ നിർമാണത്തിന് സഹായഹസ്തവുമായി സമീപിച്ച നിരവധി ഏജൻസികളിൽ ഒന്നായിരുന്നു യു.എ.ഇ. റെഡ് ക്രസന്റ്.
ഫ്‌ളാറ്റും ആശുപത്രിയും നിർമിക്കുന്നതിന് യു.എ.ഇ. റെഡ് ക്രസന്റും നിർമാണ ഏജൻസികളുമായാണ് കരാർ ഉണ്ടാക്കിയിരുന്നത്.