തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ മൊഴി പുറത്ത്. താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ഫർസാനയെ കൊലപ്പെടുത്തിയതെന്നാണ് അഫാൻ്റെ മൊഴി. അതിക്രൂര കൊലപാതകമായിരുന്നു ഫർസാനയുടേതെന്ന് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പൊലീസ് വ്യക്തമാക്കി.
പഠനത്തിൽ മികവ് പുലർത്തിയിരുന്ന ഫർസാനയുടെ ദാരുണ മരണത്തിൻ്റെ ഞെട്ടലിലാണ് വെഞ്ഞാറമൂട് മുക്കുന്നൂർ ഗ്രാമം. അഞ്ചൽ സെൻ്റ് ജോൺസ് കോളേജിലെ എംഎസ് സി വിദ്യാർത്ഥിനിയാണ് 22 കാരിയായ ഫർസാന. സമീപത്ത് ഒരു സ്ഥലത്ത് ട്യൂഷൻ എടുക്കാൻ പോകുന്നു എന്ന വ്യാജേനയാണ് ഫർസാന വീട്ടിൽ നിന്നും ഇറങ്ങിയത് .
അഫാൻ ഫർസാനയുമായി ബൈക്കിൽ പോകുന്നത് അഫാൻ്റെ ബന്ധുക്കൾ കണ്ടിരുന്നു. വീട്ടിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായിട്ടായിട്ടാണ് അഫാൻ ഫർസാനയെ കൊന്നത്. ചുറ്റിക കൊണ്ട് പലവട്ടം തലയ്ക്കടിയേറ്റാണ് ഫർസാന മരിച്ചതെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. മുഖം വികൃതമായ നിലയിലാണ് ഫർസാനയുടെ മൃതദേഹം കണ്ടെത്തിയത്.