തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടത്തുകയും വര്‍ധിപ്പിച്ചു. ഭൂനികുതി ഭൂമിയില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള നികുതി സ്ലാബുകളിലെ നിരക്കുകള്‍ 50 ശതമാനം വര്‍ധിപ്പിക്കുന്നതായി ധനമന്ത്രി അറിയിച്ചു. ഇതിലൂടെ നൂറ് കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.(Kerala budget; land tax increased)
അടിസ്ഥാന ഭൂനികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ആര്‍ ഒന്നിന് പ്രതിവര്‍ഷം അഞ്ച് രൂപ എന്നത് 7.5 രൂപയാക്കി ഉയര്‍ത്തി. ഏറ്റവും ഉയര്‍ന്ന സ്ലാബ് നിരക്കായ 30 എന്നത് 45 രൂപയാക്കിയും ഉയര്‍ത്തിയതായും ധനമന്ത്രി വ്യക്തമാക്കി. ഇതോടെ പഞ്ചായത്തുകളില്‍ 8.1 ആര്‍ വരെ (20 സെന്റ് വരെ) ആര്‍ ഒന്നിന് പ്രതിവര്‍ഷം 7.50 രൂപയാകും പുതിയ നിരക്ക്. 8.6ന് മുകളില്‍ ആര്‍ ഒന്നിന് പ്രതിവര്‍ഷം എട്ടുരൂപയാണ് നിലവിലെ നിരക്ക്. ഇത് ആര്‍ ഒന്നിന് 12 രൂപയാകും.
മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ 2.4 ആര്‍ വരെ ആര്‍ ഒന്നിന് പ്രതിവര്‍ഷം പത്തു രൂപയായിരുന്നു നിരക്ക്. ഇത് ആര്‍ ഒന്നിന് പതിനഞ്ച് രൂപയായി ഉയരും. 2.6ന് മുകളില്‍ നിലവില്‍ ആര്‍ ഒന്നിന് പതിനഞ്ച് രൂപയായിരുന്നു. ഇത് ആര്‍ ഒന്നിന് 22.5 രൂപയാകും. കോര്‍പ്പറേഷന്‍ മേഖലയിലും ഭൂനികുതി വര്‍ധിപ്പിച്ചു. 1. 62 ആര്‍ വരെ ആര്‍ ഒന്നിന് പ്രതിവര്‍ഷം 20 രൂപയായിരുന്നു നിരക്ക്. ഇത് ആര്‍ ഒന്നിന് 30 രൂപയാക്കി വര്‍ധിപ്പിച്ചു. 1. 62 ആറിന് മുകളില്‍ ആര്‍ ഒന്നിന് 30 രൂപയായിരുന്നത് 45 രൂപയായാണ് വര്‍ധിപ്പിച്ചതെന്നും ധനമന്ത്രി അറിയിച്ചു.