കൊച്ചി: വയനാട് മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടത്താനിരുന്ന മ്യൂസിക്കല്‍ ഫെസ്റ്റിവെൽ ഹൈക്കോടതി സ്റ്റേ ചെയ്തു. ഡിസംബര്‍ 31ന് വൈകിട്ട് ആണ് ബോച്ചെ സണ്‍ ബേണ്‍ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ പരിപാടിക്ക് അനുമതി നൽകരുതെന്ന് ജില്ല പൊലീസ് മേധാവി, ജില്ല കളക്ടർ, മേപ്പാടി പഞ്ചായത്ത് എന്നിവർക്ക് കോടതി നിർദ്ദേശം നൽകി.(High court stay on boche sunburn new year party in wayanad)
ജില്ല കളക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചൂരല്‍മല മുണ്ടക്കൈ ദുരന്തം സംഭവിച്ചതിന് കിലോമീറ്ററുകള്‍ അകലെയാണ് പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്. 20,000 പേർ മ്യൂസിക്കല്‍ ഫെസ്റ്റിവെലിൽ പങ്കെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ 1000 ഏക്കര്‍’ എന്ന സ്ഥലത്താണ് പരിപാടി നടത്താൻ ഉദ്ദേശിച്ചിരുന്നത്.
മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പ്രദേശത്തിൻ്റെ സമീപം തോട്ടഭൂമി അനധികൃതമായി തരംമാറ്റി നിര്‍മ്മാണങ്ങള്‍ നടത്തുകയും മണ്ണെടുക്കുകയും ചെയ്തിടത്താണ് ന്യൂയര്‍ പാര്‍ട്ടി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ഇത് അപകടകരവും ക്രമസമാധാനത്തെ ബാധിക്കുന്നതെന്നും ചൂണ്ടി കാട്ടി പരിപാടി നിര്‍ത്തിവെയ്ക്കാന്‍ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കളക്ടര്‍ ഇന്നലെ ഉത്തരവിട്ട കാര്യം ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.