മാനന്തവാടി: 20 കാരൻ കഞ്ചാവ് കൃഷി ചെയ്തത് പ്ലാസ്റ്റിക് കവറുകളിൽ. വീടിന് സമീപത്തായി നട്ടു വളർത്തിയത് 17 കഞ്ചാവ് ചെടികളാണ്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവിനെ എക്സൈസ് പിടികൂടി.
കാപ്പുംകുന്ന് കെല്ലൂര്‍ വെള്ളാരംതടത്തില്‍ വീട്ടിൽ വി എസ് ജസ്റ്റിന് ആണ് പോലീസ് പിടിയിലായത്. മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ കെ. ശശിക്കാണ് രഹസ്യ വിവരം ലഭിച്ചത്.
ഇതെത്തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ എത്തി നടത്തിയ പരിശോധനയില്‍ പതിനേഴ് കഞ്ചാവ് ചെടികള്‍ പ്ലാസ്റ്റിക് കവറിലും മറ്റുമായി നട്ട് വളർത്തി പരിപാലിച്ച് വരുന്നതായി കണ്ടെത്തുകയായിരുന്നു. ഈ കഞ്ചാവ് ചെടികൾ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു.
10 വര്‍ഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് കഞ്ചാവ് ചെടി നട്ടുവളര്‍ത്തല്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. ശശി, പ്രിവന്റീവ് ഓഫീസര്‍മാരായ പി.കെ. ചന്തു, സികെ രഞ്ജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എം. അഖില്‍, കെ. സജിലാഷ്, അമല്‍ ജിഷ്ണു, വനിത സിവില്‍ എക്സൈസ് ഓഫീസറായ പി. ജയശ്രീ, എക്സൈസ് ഡ്രൈവര്‍ സി.യു. അമീര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.