ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിന് അസാധാരണ വൈകല്യങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പോലീസ്. കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കെതിരെയും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്. ആലപ്പുഴ സൗത്ത് പൊലീസാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.(Abnormal deformities found in newborn baby in Alappuzha; police case against four doctors)
ഗുരുതര വൈകല്യങ്ങളാണ് കുഞ്ഞിന് കണ്ടെത്തിയത്. മുഖം സാധാരണ രൂപത്തിലല്ല. വായ തുറക്കില്ല, കണ്ണ് യഥാസ്ഥാനത്തല്ല കൂടാതെ തുറക്കുന്നുമില്ല. ഹൃദയത്തിനു ദ്വാരം. ജനനേന്ദ്രിയം ഉണ്ടെങ്കിലും കാര്യമായ വൈകല്യം ഉണ്ട്. കൈയും കാലും വളഞ്ഞാണ്. ചെവി കൃത്യസ്ഥാനത്തല്ല. മലര്‍ത്തിക്കിടത്തിയാല്‍ നാക്ക് ഉള്ളിലേക്കു പോകും എന്നിങ്ങനെയുള്ള അസാധാരണമായ വൈകല്യങ്ങളോടുകൂടിയാണ് കുഞ്ഞ് ജനിച്ചത്.
ഗര്‍ഭകാലത്ത് പലതവണ സ്കാനിംഗ് നടത്തിയെങ്കിലും ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയായ ലജനത്ത് വാര്‍ഡ് നവറോജി പുരയിടത്തില്‍ സുറുമി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു.