കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ ഇരുപതുകാരിയെ തൃശൂരിൽ കണ്ടെത്തി. കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ പതിനെട്ടാം തീയതി മുതലാണ് കാണാതായത്.
തൃശൂരിലെ ധ്യാനകേന്ദ്രത്തിൽ വച്ചാണ് കണ്ടെത്തിയതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. പൊലീസിന്റെ സംരക്ഷണയിലാണ് യുവതിയിപ്പോൾ.
മൊബൈലിൽ ഓൺലൈൻ ഗെയിം കളിച്ചതിനെ ചൊല്ലി മകളെ തലേദിവസം വഴക്കു പറഞ്ഞിരുന്നതായി അമ്മ ഷീജ പൊലീസിനോട് പറഞ്ഞിരുന്നു.
18-ാം തിയ്യതി രാവിലെ വീട്ടിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ഇരുചക്ര വാഹനത്തിൽ പോകുന്നതിന്റെ ഫോട്ടോ പൊലീസിന് ലഭിച്ചതാണ് ഗുണമായത്. അന്ന് രാവിലെ 11 മണി മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
എൻട്രൻസ് കോച്ചിംഗ് വിദ്യാർഥിയാണ്. വീട്ടിലിരുന്ന് ഓൺലൈനായിട്ടാണ് ഐശ്വര്യ പഠിക്കുന്നത്. അധികമാരോടും ഇടപഴകുന്ന സ്വഭാവമല്ല കുട്ടിക്കെന്നും കുടുംബം പറയുന്നു. സുഹൃത്തുക്കളും നന്നെ കുറവാണ്.