റായ്പൂർ: ഛത്തീസ്ഗഡിൽ നടന്ന വൻ ഏറ്റുമുട്ടലിൽ 36 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. നാരായൺപൂർ – ദന്തേവാഡ അതിർത്തിയിലാണ് ഏറ്റുമുട്ടൽ നടന്നത്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.(Security forces kill 28 Maoists in encounter in Chhattisgarh)
മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പൊലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും വനമേഖലയിൽ തുടരുകയാണ്. ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അഭുജ്മാദ് വനമേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ആന്റി-നക്സൽ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം വനമേഖലയിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് ഒരു മണിക്കൂറോളം വെടിവെപ്പ് നടന്നു.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മാവോയിസ്റ്റ് സംഘം ഉപയോഗിച്ചിരുന്ന ആയുധശേഖരവും കണ്ടെത്തി. എകെ -47 റൈഫിളുകളും സെൽഫ് ലോഡിങ് റൈഫിളും ഇതിൽ ഉൾപ്പെടും. പ്രദേശത്ത് പരിശോധന തുടരുകയാണ്.