പാലക്കാട്: മദ്യലഹരിയിൽ കാർ ഓടിച്ച് അപകടമുണ്ടാക്കിയ യുവാവിനെതിരെ ചാലിശ്ശേരി പൊലീസ് കേസെടുത്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആസിഫിനെതിരെയാണ് കേസെടുത്തത്. കൂറ്റനാട് വാവന്നൂർ ഹൈസ്കൂളിന് സമീപം ഞായറാഴ്ച രാത്രി ഏഴു മണിയോടെയാണ് അപകടമുണ്ടായത്.(car rammed into a private bus; Case against the driver)
കൂറ്റനാട് നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിർ ദിശയിൽ നിന്നും വരികയായിരുന്ന സ്വകാര്യ യാത്രാബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടകരമായ രീതിയിൽ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറകിൽ വരികയായിരുന്ന വാഹന യാത്രക്കാർ പകർത്തിയിരുന്നു. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡരികിലെ വീടിൻ്റെ പടിപ്പുരയും മതിലും ഇടിച്ച് തകർത്ത ശേഷമാണ് നിന്നത്. സംഭവ സമയത്ത് വീടിൻ്റെ മുറ്റത്ത് ആളുകൾ ഇല്ലാത്തതിനാല്‍ വൻ ദുരന്തം ഒഴിവായി.
അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർക്ക് നേരെയും ആസിഫ് തട്ടിക്കയറിയെന്നും നാട്ടുകാർ പറഞ്ഞു. കാർ ഡ്രൈവർക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനുൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്.