കൽപ്പറ്റ: വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും കുലുക്കവും ഉണ്ടായതായി നാട്ടുകാർ. രാവിലെ 10 മണിയോടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. നെന്മേനി വില്ലേജിലെ സ്ഥലങ്ങളിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.(Minor earthquake in wayanad)
നെന്മേനി വില്ലേജിലെ പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയൽ എന്നിവിടങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ റവന്യു വകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ടെന്നും വില്ലേജ് ഓഫിസർമാരോടു സംഭവസ്ഥലത്തെത്താൻ നിർദേശം നൽകിയതായും വൈത്തിരി തഹസിൽദാർ പറഞ്ഞു.
പ്രകമ്പനത്തിൽ മൂരിക്കാപ്പിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ മേശപ്പുറത്തെ ഗ്ലാസുകൾ താഴെ വീണു. എടയ്ക്കൽ ഗുഹയ്ക്കു സമീപത്തുള്ള അമ്പലവയൽ ജിഎൽപി സ്കൂളിന് അവധി നൽകി. അമ്പലവയൽ ആർഎആർഎസിലെ ശാസ്ത്രജ്ഞരും തൊഴിലാളികളും അമ്പലവയൽ പ്രദേശങ്ങളിൽ വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.









