ചെന്നൈ:പാഴ്‌സൽ ഊണിൽ അച്ചാർ നൽകാതിരുന്നതിന് റസ്‌റ്ററന്റ് ഉടമയ്ക്ക് നഷ്ടപരിഹാരമായിനൽകേണ്ടിവന്നത് പതിനായിരങ്ങൾ.The restaurant owner had to pay tens of thousands as compensation for not serving pickles in the meal
80 രൂപയുടെ 25 ഊണ് പാഴ്‌സൽ വാങ്ങിയ ആളിന് 35,000 രൂപ നഷ്ടപരിഹാരംനൽകാനാണ് ഉപഭോക്തൃ തർക്കപരിഹാരഫോറം ഉത്തരവിട്ടത്. വിഴുപുരത്തുള്ള റസ്‌റ്ററന്റിൽനിന്ന് രണ്ട് വർഷംമുമ്പ് പാഴ്‌സൽ വാങ്ങിയ ആരോഗ്യസാമിയുടെ പരാതിയെ തുടർന്നാണ് നടപടി.
ബന്ധുവിന്റെ ചരമവാർഷികത്തോടനുബന്ധിച്ചാണ് ആരോഗ്യസാമി വിഴുപുരം ബസ് സ്റ്റാൻഡിന് സമീപമുള്ള റസ്റ്ററന്റിൽനിന്ന് 2022 നവംബർ 27-ന് 25 ഊണ് വാങ്ങിയത്.
ഇതിൽ അച്ചാറുണ്ടായിരുന്നു. അടുത്ത ദിവസവും ഇതേ റസ്‌റ്ററന്റിൽനിന്ന് 25 ഊണ് തന്നെവാങ്ങി. എന്നാൽ ഇതിൽ അച്ചാറുണ്ടായിരുന്നില്ല. ഇതേകുറിച്ച് ചോദിച്ചപ്പോൾ തർക്കമായി. ഒരു ഊണിന്റെ അച്ചാറിന് ഒരു രൂപ എന്ന കണക്കിൽ 25 രൂപ തനിക്ക് തിരിച്ചു നൽകണമെന്ന് ആരോഗ്യസാമി ആവശ്യപ്പെട്ടു.
ഉടമ ആവശ്യം നിരസിച്ചതോടെ ആരോഗ്യസാമി വിഴുപുരം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു. ആരോഗ്യസാമി നേരിട്ട മാനസിക ബുദ്ധിമുട്ട് പരിഗണിച്ച് 30,000 രൂപയും നിയമച്ചെലവിനായി 5000 രൂപയും അച്ചാറിന്റെ വിലയായി 25 രൂപയും നൽകാനാണ് ഉത്തരവിൽ പറയുന്നത്.
45 ദിവസങ്ങൾക്കുള്ളിൽ പണം നൽകണമെന്നും വീഴ്ച വരുത്തിയാൽ മാസം ഒൻപത് ശതമാനം പലിശ നൽകേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.









