അമ്പലത്തിലെ പൂജാരിക്കെതിരെ പീഡന പരാതിയുമായി ടിവി ചാനൽ അവതാരക. തീർത്ഥം നൽകി തന്നെ മയക്കിയശേഷം പൂജാരി പലവട്ടം ബലാത്സംഗം ചെയ്തെന്നാണ് ചെന്നൈയിലെ സ്വകാര്യ ടിവി ചാനൽ അവതാരകയുടെ പരാതി. യുവതിയുടെ പരാതിയിൽ പ്രതി കാർത്തിക്ക് മുനുസ്വാമിക്കെതിരെ പോലീസ് കേസെടുത്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
ആത്മീയ കാര്യങ്ങളിൽ താല്പര്യമുണ്ടായിരുന്ന യുവതി ചെന്നൈയിൽ പാരീസ് കോർണറിന്റെ അടുത്തുള്ള ഒരു ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കായി പോകാറുണ്ടായിരുന്നു. സ്ഥിരമായി ക്ഷേത്രത്തിലെത്തിയതോടെ ക്ഷേത്രത്തിലെ പൂജാരിയായ കാർത്തിക്ക് മുനു സ്വാമിയുമായി പരിചയത്തിൽ ആയി. വാട്സ്ആപ്പ് വഴി കൂടുതൽ അടുത്ത ഇവർ സൗഹൃദത്തിലായി. ഒരു ദിവസം ക്ഷേത്രത്തിലെത്തിയ യുവതിയെ വീട്ടിൽ കൊണ്ടുവിടാം എന്ന് പറഞ്ഞ കാർത്തിക് യുവതിയെ ബെൻസ് കാറിൽ കയറിയ ശേഷം തീർത്ഥം കുടിക്കാൻ നൽകി. ഇത് കുടിച്ചതോടെ ബോധം നഷ്ടപ്പെട്ട യുവതിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കാർത്തിക്ക് തന്നെ വിവാഹം ചെയ്യാം എന്ന് അറിയിച്ചതിനെ തുടർന്ന് യുവതി ആദ്യം പരാതി നൽകിയില്ല. ഗർഭിണിയായതിനെത്തുടർന്ന് വടപളനിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഗർഭചിദ്രം നടത്തി. ഇതിനുശേഷം കാർത്തിക്ക് വാക്കു മാറ്റിയതായും തന്നെ ലൈംഗിക വൃത്തിയിലേക്ക് തള്ളിവിടാൻ പ്രേരിപ്പിക്കുന്നതായും യുവതി പരാതിയിൽ ആരോപിക്കുന്നു.