തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം അമിതമായതോടെ സംസ്ഥാനത്ത് ഓട്ടോമാറ്റിക് ലോഡ് ഷെഡ്ഡിംഗ് തുടങ്ങി. തിരുവനന്തപുരം നഗരത്തിലടക്കം തിങ്കളാഴ്ച രാത്രി മൂന്നു തവണയാണ് ഇതു സംഭവിച്ചത്. ഈ പശ്ചാത്തലത്തിൽ ഔദ്യോഗികമായി ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്താനുള്ള ആലോചനയിലാണ് സർക്കാർ. നാളെ ചേരുന്ന ഉന്നതതലയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.
വിതരണ സംവിധാനത്തിന്റെ പരിധിക്കപ്പുറം ഉപഭോഗം ഉണ്ടാകുമ്പോഴാണ് ഗ്രിഡുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണ സംവിധാനത്തിലൂടെ ഓട്ടോമാറ്റിക് ലോഡ് ഷെഡ്ഡിംഗ് സംഭവിക്കും. സാങ്കേതികമായി അഞ്ചു മിനിട്ട് കഴിഞ്ഞ് ഫീഡറുകൾ ചാർജ് ചെയ്യാൻ കഴിയുമെങ്കിലും അത് എവിടെയാണ് സംഭവിച്ചതെന്ന് കണ്ടെത്തി വൈദ്യുതി പുനഃസ്ഥാപിക്കാൻ അര മണിക്കൂറെങ്കിലും വേണ്ടിവരും.
ലോഡ് ഷെഡ്ഡിംഗ് തുടങ്ങുമ്പോൾ ജീവനക്കാർ നിശ്ചിത സമയത്ത് വൈദ്യുതി വിതരണം നിറുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. കേരളത്തിൽ ഉത്പാദിപ്പിക്കുന്നതും പുറത്തുനിന്നുള്ളതും അടക്കം 4500 മെഗാവാട്ടാണ് പ്രതിദിനം വിതരണം ചെയ്യാൻ ലഭ്യമായുള്ളത്. എന്നാൽ 5700 മെഗാവാട്ടിലും കൂടുതലാണ് ഇപ്പോഴത്തെ ഉപഭോഗം. ജലവൈദ്യുതി ഉത്പാദനം കുത്തനെ ഉയർത്തിയും അമിത വിലയ്ക്ക് പുറത്തുനിന്ന് വാങ്ങിയുമാണ് ഇത് നികത്തുന്നത്.
ജലസംഭരണികളിൽ വെറും രണ്ടാഴ്ച ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഇനി അവശേഷിക്കുന്നത്.സംഭരണശേഷിയുടെ 34% മാത്രമാണിത്. ഇതുപയോഗിച്ച് 1423 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിക്കാനാവുക. ഏറ്റവും വലിയ സംഭരണിയായ ഇടുക്കിയിൽ 36% വെള്ളമാണുള്ളത്. സംഭരണികളിലേക്കുള്ള നീരൊഴുക്കും ഏറെക്കുറെ നിലച്ച മട്ടാണ്.ചൂട് കൂടിയതോടെ ഉപഭോഗം റെക്കാഡ് കുതിപ്പിലാണ്. ഏപ്രിലിൽ മൂന്നു ദിവസം മാത്രമാണ് 100 ദശലക്ഷം യൂണിറ്റ് കടന്നുപോകാതിരുന്നത്. ഉപഭോഗം കൂടുന്നതിന് അനുസരിച്ച് പുറത്തുനിന്ന് വാങ്ങേണ്ടിവരുന്ന വൈദ്യുതിയുടെ തോതും കൂടുന്നുണ്ട്. കഴിഞ്ഞദിവസം 113.15 ദശലക്ഷം യൂണിറ്റ് (5700 മെഗാവാട്ട്) വിതരണത്തിന് വേണ്ടിവന്നപ്പോൾ ആഭ്യന്തര ഉത്പാദനം 24.70 ദശലക്ഷം യൂണിറ്റ് മാത്രം. ഇതിൽ ജലവൈദ്യുതി 22.58 ദശലക്ഷം യൂണിറ്റുമാത്രമായിരുന്നു. വാങ്ങേണ്ടിവന്നത് 88.45 ദശലക്ഷം യൂണിറ്റാണ്.പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം കുറയാത്തതുകാരണം ലോഡ്കൂടി ട്രാൻസ്‌ഫോർമറുകൾ ട്രിപ്പാകുന്നതും പതിവായി.2021ൽ ഒരു മാസം അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തിയിരുന്നു.2014ൽ ഔദ്യോഗികമായും നടപ്പാക്കിയിരുന്നു. അതിനുശേഷം ഇപ്പോഴാണ് ആ സാഹചര്യത്തിലേക്ക് നീങ്ങുന്നത്.